പ്രതിഷേധം ഫലംകണ്ടു; സ്‌കോള്‍ കേരളാ മേഖലാ കേന്ദ്രം മാറ്റില്ല
മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍ കേരളാ മലബാര്‍ മേഖലാ കേന്ദ്രം പൂട്ടാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിച്ചു. ഓപ്പണ്‍ സ്‌കൂള്‍ (സ്‌കോള്‍ കേരള) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.എം ഖലീല്‍ ഇന്നലെ മലപ്പുറത്തെത്തി പി.ഉബൈദുള്ള എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥി-യുവജന സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. മേഖലാ കേന്ദ്രം പൂട്ടാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ഭാഗത്തു നിന്നുമുണ്ടാവില്ലെന്നു വിദ്യാഭ്യാസമന്ത്രി ഫോണില്‍ ഉറപ്പുനല്‍കി.
സൂക്ഷ്മ പരിശോധനയും മറ്റുനടപടിക്രമങ്ങളും പൂര്‍ത്തിയായ 9000 അപേക്ഷകള്‍ ഓഫിസില്‍ തന്നെ സൂക്ഷിക്കണമെന്നും സൂക്ഷ്മ പരിശോധനയും നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്ന മുറക്കു മലബാറില്‍ നിന്നുള്ള മുഴുവന്‍ അപേക്ഷകള്‍ തിരുവനന്തപുരത്തുനിന്നു വീണ്ടും മലപ്പുറം റീജിയനല്‍ ഓഫിസിലേക്കു തന്നെ തിരികെ എത്തിക്കുമെന്നും ഡയറക്ടര്‍ ഉറപ്പുനല്‍കി.
ഹയര്‍സെക്കന്‍ഡറി പരീക്ഷക്കുള്ള അപേക്ഷ തീയതി അടുത്തുവന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തേക്കു താല്‍ക്കാലികമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള അപേക്ഷകളാണു തിരുവനന്തപുരത്തെ ഓഫിസിലേക്കു മാറ്റുന്നത്. മലപ്പുറം മേഖലാ ഡയറക്ടറുടെയും മറ്റു ഉദ്യോഗസ്ഥരുടെയും ഒഴിവുകള്‍ ഉടന്‍ നികത്തണം. തകരാറിലായ കമ്പ്യൂട്ടറുകള്‍ നിശ്ചിത കാലാവധിക്കകം പ്രവര്‍ത്തന ക്ഷമമാക്കുമെന്നും മുസ്‌ലിംയൂത്ത്‌ലീഗ് എം.എസ്.എഫ് നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതിനും ഉടന്‍ നടപടി കൈകൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി മുജീബ് കാടേരി, വി.ടി സുബൈര്‍ തങ്ങള്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."