മലബാറിന്റെ പിന്നാക്കാവസ്ഥ: പ്രത്യേക പദ്ധതികള്‍ വേണമെന്നു മുഖ്യമന്ത്രി
കണ്ണൂര്‍: സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് മലബാര്‍ മേഖല ഇപ്പോഴും പിന്നാക്കമായി തുടരുകയാണെന്നും ഇതു പരിഹരിക്കാനുള്ള പ്രത്യേക നടപടികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ കോര്‍പറേഷന്‍ സമഗ്രവികസന പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എം.എ.വൈ പദ്ധതിയുടെ ആദ്യഗഡു വിതരണവും മരക്കാര്‍കണ്ടിയില്‍ പണിത പട്ടികജാതി ഫ്‌ളാറ്റിന്റെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വികസനകാര്യത്തില്‍ സഹകരിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ പദ്ധതികള്‍ നടപ്പാക്കണം. പുതിയ വിമാനത്താവളം യാഥാര്‍ഥ്യമാവുകയും അഴീക്കല്‍ തുറമുഖ നവീകരണം പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ കോര്‍പറേഷനു പ്രത്യേകിച്ചും ജില്ലയ്ക്കു വലിയ നേട്ടമാവും. ദേശീയപാത സാധാരണ രീതിയിലുള്ള നാലുവരിപ്പാതയായി വികസിപ്പിക്കും. വീടില്ലാത്ത മുഴുവനാളുകള്‍ക്കും അഞ്ചുവര്‍ഷത്തിനകം അതു നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, വെള്ളോറ രാജന്‍, എന്‍ ബാലകൃഷ്ണന്‍, സെക്രട്ടറി കെ.പി വിനയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."