HOME
DETAILS
MAL
വെള്ളാപ്പള്ളി വിവാദത്തിന്റെ വഴിയേ; കൂടെക്കൂട്ടി കുടുങ്ങി ബി.ജെ.പി
backup
May 10 2016 | 23:05 PM
ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബി.ഡി.ജെ.എസിനെ കൂടെക്കൂട്ടിയതിനെ ചൊല്ലി ബി.ജെ.പിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം.
വിവാദങ്ങളില്‍നിന്നു വിവാദങ്ങളിലേക്കു പോകുന്ന വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പിക്കു സംസ്ഥാനത്തുണ്ടായിരുന്ന അനുകൂല സാഹചര്യം നശിപ്പിച്ചുവെന്ന വിലയിരുത്തലിലാണ് മുതിര്‍ന്ന നേതാക്കള്‍.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങിയതു ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നുമുണ്ട്.
മൂന്നു മണ്ഡലങ്ങളില്‍ മികച്ച വിജയം നേടാമെന്ന കണക്കുകൂട്ടലിലായിരുന്ന ബി.ജെ.പി നേതൃത്വം.
എന്നാല്‍, വെള്ളാപ്പള്ളിയുടെ നിലപാട് കേരളത്തില്‍ തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ ഭയം.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ ആര്‍.എസ്.എസിനെയും മറ്റു സമുദായിക സംഘടനകളെയും കൂട്ടുപിടിച്ചു ജനങ്ങളിലേക്കിറങ്ങുന്നത് അപകടകരമാണെന്നു നേരത്തേതന്നെ സംസ്ഥാന നേതൃത്വം അമിത്ഷായെ അറിയിച്ചിരുന്നു.
എന്നാല്‍, കേരളത്തിലെ പതിവു രീതികള്‍ അവസാനിപ്പിച്ച് ഇത്തവണ സംഘ്പരിവാരത്തിനും ബി.ഡി.ജെ.എസിനും അവസരം കൊടുക്കുകയെന്ന നിലപാടിലേക്കാണ് അവസാനം അമിത്ഷാ എത്തിയത്.
സംസ്ഥാന നേതൃത്വത്തെ പാടെ അവഗണിച്ചാണ് മോദിയും കരുക്കള്‍ നീക്കിയത്. അതിന്റെ ഉദാഹരണമായിരുന്നു പാര്‍ട്ടി അംഗം പോലുമല്ലായിരുന്ന കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷനായത്.
പതിറ്റാണ്ടുകള്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ച നേതാക്കളെ അവഗണിച്ച് നടന്‍ സുരേഷ് ഗോപിക്കു രാജ്യസഭാ അംഗത്വം നല്‍കുകയും ചെയ്തു. എന്‍.എസ്.എസിന്റെ പിന്തുണ വെള്ളാപ്പള്ളിയുടെ വരവോടെ ബി.ജെ.പിക്കു പൂര്‍ണമായും നഷ്ടപ്പെട്ടു.
ഇപ്പോള്‍ എന്‍.എസ്.എസിന് അനഭിമതനായ സുരേഷ് ഗോപിയെ എം.പിയാക്കിയതിലും മുറുമുറുപ്പുണ്ട്.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ വെള്ളാപ്പള്ളിയെ പൂര്‍ണമായും തഴയുകെയന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. പിന്ന്ീട് കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് വെള്ളാപ്പള്ളിക്ക് പ്രചാരണ രംഗത്ത് അവസരം നല്‍കിയത്. എന്നാല്‍ തുടരെ രാഷ്ട്രീയ പക്വതയില്ലാതെ സംസാരിക്കുന്ന വെള്ളാപ്പള്ളി ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് രംഗത്ത് ഒരുബാധ്യതയായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."