വിസ്മയ കാഴ്ചയൊരുക്കി ഓച്ചിറ ഇരുപത്തിയെട്ടാം ഓണം
കായംകുളം : ഇരുപത്തിയെട്ടാം ഓണോത്സവ കെട്ടുകാഴ്ച സഹസ്രങ്ങള്‍ക്ക് വിസ്മയമായി. ജനസാഗരത്തെ സാക്ഷിയാക്കി നന്ദികേശന്മാര്‍ ഓച്ചിറ പരബ്രഹ്മ സന്നിധിയില്‍ കാണിക്കയര്‍പ്പിച്ചു.
ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 56 കരകളില്‍നിന്നായി നൂറ്റിയമ്പതോളം നന്ദികേശസമിതികളുടെ നന്ദികേശരൂപങ്ങളാണ് ഇന്നലെ പടനിലത്തേക്ക് കെട്ടുകാഴ്ചയായി എത്തിയത് .
ചട്ടം എന്നറിയപ്പെടുന്ന വാഹനത്തില്‍ ഉറപ്പിച്ച രണ്ട് നന്ദികേശ രൂപങ്ങളെയാണ് എഴുന്നള്ളിച്ചത്. ഘോഷയാത്രയില്‍ പങ്കെടുത്ത ഭക്തര്‍ കൂടി ഒഴുകിയെത്തിയതോടെ പടനിലം പുരുഷാരത്തെ കൊണ്ട് നിറഞ്ഞു.
നന്ദികേശ രൂപങ്ങളുടെ വലുപ്പമനുസരിച്ച് ഭരണ സമിതി നല്‍കിയ ക്രമ നമ്പര്‍ പ്രകാരമാണ് കെട്ടുകാഴ്ചകളെ ഓച്ചിറ പടനിലത്ത് അണി നിരത്തിയത്.ഏറ്റവും വലിയ കെട്ടുകാള എന്നവകാശപ്പെടുന്ന മാമ്പ്രക്കന്നേല്‍ യുവജനസമിതിയുടെ കതിരവന്‍ എന്ന നന്ദികേശ രൂപത്തെ ആര്‍പ്പുവിളികളോടെയാണ് പുരുഷാരം പടനിലത്തേക്ക് ആനയിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നോടെ കെട്ടുകാഴ്ചകള്‍ ഓരോന്നായി എത്തിതുടങ്ങിയതോടെ കാളകെട്ടുത്സവം കാണികളില്‍ വിസ്മയം തീര്‍ത്തു. കൊറ്റമ്പള്ളി, ചങ്ങന്‍കുളങ്ങര, ഞക്കനാല്‍, തെക്ക് കൊച്ചുമുറി, തുടങ്ങിയ കരക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കൂറ്റന്‍ കെട്ടുകാളകള്‍ കാണികളെ വിസ്മയത്തിലാക്കി.പടുകൂറ്റന്‍മുതല്‍ കൈപ്പത്തിയുടെ വലിപ്പംവരെയുള്ള കാളകള്‍ കാഴ്ചക്കാര്‍ക്ക് വിസ്മയം പകര്‍ന്നു.
ഓണാട്ടുകരയുടെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടു നടന്ന കാളകെട്ടുല്‍സവം കാണാന്‍ വിവിധ ദേശങ്ങളില്‍ നിന്നും പതിനായിരങ്ങളാണ് ഓച്ചിറയിലേക്ക് ഇന്നലെ രാവിലെ മുതല്‍ഒഴുകിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."