കുടകില്‍ വാഹന സര്‍വിസ് സെന്ററില്‍ എത്തിയയാള്‍ വെടിയേറ്റു മരിച്ചു
സോമവാര്‍പേട്ട (കുടക്): ശനിവാര്‍ സന്തയില് വാഹനം സര്‍വിസ് ചെയ്യാനെത്തിയയാള്‍ വെടിയേറ്റു മരിച്ചു. മടിക്കേരി ശനിവാര്സന്ത സ്വദേശിയും ഗുണ്ടുറാവ് ബ്ലോക്കിലെ താമസക്കാരനുമായ ശേഖര്‍(47) ആണ് കൊല്ലപ്പെട്ടത്. സര്‍വിസ് സെന്റര്‍ ഉടമ അബ്ദുല്‍ റബ്ബിനെയും ഭാര്യയെയും പൊലിസ് അറസ്റ്റുചെയ്തു.
തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. വാഹനം സര്‍വിസ് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലയില്‍ കലാശിച്ചത്. രാവിലെ ഉടമ അബ്ദുല്‍ റബ്ബുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ആയുധപൂജ ആയതിനാല്‍ കാര്‍ രാവിലെ സെന്ററില്‍ ശേഖര്‍ എത്തിച്ചിരുന്നു. എന്നാല്‍ ഏറെ നേരമായിട്ടും സര്‍വിസ് ചെയ്തിരുന്നില്ല. തുടര്‍ന്നു സുഹൃത്ത് സയ്യിദ് പാഷയെ ശേഖര്‍ വിളിച്ചിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ റബ്ബിന്റെ ഭാര്യ തോക്കെടുത്ത് ഭര്‍ത്താവിനു നല്‍കുകയായിരുന്നു. ഉടന്‍ ശേഖറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു.
ഹാസനിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം. സയ്യിദ് പാഷയ്ക്കു നേരേയും വെടിയുതിര്‍ത്തെങ്കിലും നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു.
രോഷാകുലരായ നാട്ടുകാര്‍ അബ്ദുല്‍ റബ്ബിന്റെ വീടിനും കാറിനും തീയിട്ടു. പൊലിസ് ഇടപെടല്‍ സംഘര്‍ഷം ഒഴിവാക്കി. അബ്ദുല്‍റബ്ബ്, ഭാര്യ സജിതാ ബാനു എന്നിവര്‍ പൊലിസില്‍ കീഴടങ്ങി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മര വ്യാപാരിയായ ശേഖറിന് ഭാര്യയും മൂന്നു മക്കളമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."