പ്രവാസികള്‍ക്ക് ഇരട്ടി മധുരം നല്‍കി എയര്‍ഇന്ത്യ എക്‌സ്പ്രസ്
ജിദ്ദയില്‍ നിന്നും കണക്ഷന്‍ സര്‍വിസ് പുനരാരംഭിക്കുന്നു
ജിദ്ദ: സഊദി പ്രവാസികള്‍ക്ക് ഇരട്ടി മധുരം നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. റിയാദ്- കരിപ്പൂര്‍ സര്‍വിസിന് പുറമെ ജിദ്ദ- കോഴിക്കോട് എയര്‍ഇന്ത്യയുടെ കണക്ഷന്‍ സര്‍വിസ് പുനരാരംഭിക്കുന്നു. എയര്‍ ഇന്ത്യയുടെ ജിദ്ദ-കോഴിക്കോട് -മുംബൈ വഴിയുള്ള കണക്ഷന്‍ സര്‍വിസ് ഈ മാസം 30 മുതല്‍ വീണ്ടും സര്‍വിസ് നടത്തുമെന്ന് എയര്‍ഇന്ത്യ വെസ്‌റ്റേണ്‍ റീജിയണല്‍ മാനേജര്‍ എം.എ നൂര്‍ മുഹമ്മദ് അറിയിച്ചു.
റിയാദില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയതിന് ശേഷമാണ് എയര്‍ ഇന്ത്യയുടെ പുതിയ പ്രഖ്യാപനം. എ.ഐ 932 വിമാനം ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും കരിപ്പൂരിലേക്ക് സര്‍വിസ് നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റംസ് എമിഗ്രേഷന്‍ ക്ലിയറന്‍സ് മുബൈയിലായിരിക്കും. അന്താരാഷ്ട്ര ആഭ്യന്തര യാത്രകള്‍ ഒരേ സ്ഥലത്തുനിന്ന് തന്നെ നടത്താവുന്ന പുതിയ ടെര്‍മിനലായ ടി 2 വില്‍ നിന്നുമാണ് സര്‍വിസ് നടത്തുക. അതിനാല്‍ യാത്രക്കാര്‍ക്ക് ആഭ്യന്തര ടെര്‍മിനലിലേക്ക് പോവേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. രാത്രി 9.15ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 4.20ന് മുംബൈയില്‍ എത്തുന്ന വിമാനം അവിടെ നിന്നും 6.25ന് പുറപ്പെട്ട് 8.10ന് കോഴിക്കോട് എത്തും. കഴിഞ്ഞ വര്‍ഷം നടത്തിയിരുന്ന കണക്ഷന്‍ സര്‍വിസ് ചില സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് നിര്‍ത്തിവയ്ക്കുകയായിരുന്നു ഈ സര്‍വിസ് ആണ് വീണ്ടും എയര്‍ഇന്ത്യ പുനരാരംഭിക്കുന്നത്.
ജിദ്ദയില്‍ നിന്നും നേരിട്ട് കൊച്ചിയിലേക്ക് ചൊവ്വ, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സര്‍വിസ് നടത്തുന്ന എയര്‍ഇന്ത്യയുടെ നിരക്കിലും നവംബര്‍ 30 വരെ ഇളവുണ്ടെന്നും നൂര്‍ മുഹമ്മദ് അറിയിച്ചു. അതിനിടെ റിയാദ് - കോഴിക്കോട് സെക്ടറില്‍ പുതുതായി ആരംഭിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബുക്കിങ് ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഴ്ചയില്‍ നേരിട്ടുള്ള നാല് സര്‍വിസുകളാണ് പ്രതിവാരം നടത്തുക. ഡിസംബര്‍ രണ്ടു മുതലാണ് റിയാദ് -കോഴിക്കോട് സെക്ടറില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് ആരംഭിക്കുക. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വിസ്. ഉച്ചക്ക് 1.15നാണ് കോഴിക്കോടേക്കുള്ള വിമാനം. 185 പേര്‍ക്ക് യാത്ര ചെയ്യാനാവുന്ന പുതിയ വിമാനമാണ് സര്‍വിസ് നടത്തുകയെന്ന് എയര്‍ഇന്ത്യ റിയാദ് മാനേജര്‍ കുന്ദന്‍ലാല്‍ ഗോത്ത് വാല്‍ പറഞ്ഞു. മുപ്പത് കിലോ ലഗേജിന് പുറമെ അഞ്ചു ലിറ്റര്‍ സംസം വെള്ളവും സൗജന്യമായി കൊണ്ടുപോവാം.
ബുക്കിങ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് നിലവില്‍ നേരിട്ട് വിമാനമില്ലാത്തതിനാല്‍ മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പുതിയ സര്‍വിസ് ഏറെ ഗുണകരമാവും. അതിനിടെ റിയാദില്‍ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."