ബാല മര്‍ദനം പ്രധാനാധ്യാപികക്കെതിരേ നടപടി വേണം: കലക്ടറേറ്റ് മാര്‍ച്ച് നാളെ
പാലക്കാട്: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആനന്ദ് ശ്രീനിവാസനെ ക്രൂരമായി മര്‍ദിച്ച് പല്ലിളക്കിയ സെന്റ് സെബാസ്റ്റ്യന്‍സ് എയിഡഡ് യു.പി സ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റര്‍ അന്ന മേരിക്കെതിരെയുള്ള നിയമനടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കലക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ബാലാവകാശ സംരക്ഷണവേദി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.നാളെ രാവിലെ 10 ന് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്യും. മാര്‍ച്ചില്‍ കുട്ടികളും, അമ്മമാരും, രക്ഷിതാക്കളും, കുട്ടികളുടെ അവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും സംഘവും ആശുപത്രിയിലെത്തി നേരിട്ട് അന്വേഷണം നടത്തി 21 ദിവസം കഴിഞ്ഞിട്ടും കുറ്റവാളിയെ വിളിച്ച് വിശദീകരണം ചോദിച്ചിട്ടില്ല. ചൈല്‍ഡ് ലൈനിന്റെയും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ ജില്ലാ കലക്ടറുടെ ഓഫിസിലെ ചുവപ്പ് നാടയില്‍ കുടുങ്ങിയതിനു പിന്നില്‍ ദുരുഹതയുണ്ടെന്ന് ബാലാവകാശ സംരക്ഷണ വേദി നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ.വി. കൃഷ്ണ കുമാര്‍ അധ്യക്ഷനായി. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ടി.ആര്. സന്തോഷ് കുമാര്‍. വിളയോടി വേണുഗോപാലന്‍, പുതുശ്ശേരി ശ്രീനിവാസന്, സി. ശെല്വരാജന്, വി.നാഗരാജ്, കെ. രാമകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."