കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി എഫ്.സി പോരാട്ടം ഇന്ന് കൊച്ചിയില്‍
വിജയം മോഹിച്ച്...
ബ്ലാസ്റ്റേഴ്‌സ് മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് തിരിച്ചെത്തി
മുംബൈ മാര്‍ക്വീ താരം ഡിഗോ ഫോര്‍ലാനും ബ്ലാസ്റ്റേഴ്‌സ് നായകന്‍ ഹെങ്ബര്‍ട്ടും കളിക്കില്ല
കൊച്ചി: വിജയം മോഹിച്ച് ആരവമുയര്‍ത്തുന്ന ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടത്തിനു ആശ്വാസം നല്‍കാന്‍ ഒരു വിജയത്തിലൂടെ കേരള ബ്ലാസ്റ്റേഴ്‌സിനു സാധിക്കുമോ?. മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗോളടിക്കാനും ജയിക്കാനും കഴിയാതെ മൈതാനത്ത് ഉഴറി നടക്കുന്ന മഞ്ഞക്കുപ്പായക്കാര്‍ ഇന്ന് നാലാം മത്സരത്തിനിറങ്ങുന്നു. ഒപ്പം മൂന്നാം ഹോം പോരാട്ടത്തിനും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മൂന്നാം പതിപ്പില്‍ മൂന്നു മത്സരം പൂര്‍ത്തിയായപ്പോള്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം. ആകെ ആശ്വാസം കരുത്തരായ ഗോവ തങ്ങള്‍ക്ക് പിന്നിലാണെന്നതു മാത്രമാണ്. കരുത്തരായ മുംബൈ സിറ്റി എഫ്.സിയെ നേരിടാന്‍ സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുമ്പോള്‍ തിരിച്ചു വരവിനുള്ള ആത്മവിശ്വാസവുമായി ഒരു വിജയം എന്നതു മാത്രമാണ് ടീം ചിന്തിക്കുന്നത്. മൂന്നു മത്സരങ്ങളില്‍ രണ്ടു ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം വട്ടപൂജ്യമാണ്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസും പ്ലേമേക്കര്‍ ഹോസു കുരിയാസും നയിക്കുന്ന പ്രതിരോധം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്.
എതിരാളികളില്‍ നിന്നു പന്തു തട്ടിയെടുത്തു മുന്നേറ്റ നിരയ്ക്ക് കൈമാറാനാകാതെ വട്ടം കറങ്ങി നടക്കുന്ന മധ്യനിര. കിട്ടുന്ന പാസുകള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാനാകാതെ നിരാശരാക്കുന്ന മുന്നേറ്റ നിര. കരുത്തരായ ഡല്‍ഹി ഡൈനാമോസിനോട് ഗോള്‍രഹിത സമനില പിടിച്ചെങ്കിലും ഗോള്‍ അടിക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം പാഴാക്കുന്നതിലായിരുന്നു ആക്രമണ നിര മുന്നിട്ടു നിന്നത്. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റ നിരയിലും ഓള്‍റൗണ്ടര്‍ പ്രകടനം നടത്തുന്ന ഹോസു കുരിയാസ് മാത്രമാണ് തിളങ്ങുന്നത്. കോപ്പലിന്റെ പ്രതീക്ഷയും ഹോസുവില്‍ മാത്രമാണ്.
വിജയം മോഹിച്ച് കളിക്കാനെത്തുന്ന ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധത്തിലെ കരുത്തന്‍ സെഡ്രിക് ഹെങ്ബര്‍ട്ട് ഇന്ന് കളിക്കാനുണ്ടാവില്ല. ഡല്‍ഹിയെ സമനിലയില്‍ പൂട്ടിയ മത്സരത്തിന്റെ 64ാം മിനുട്ടില്‍ ഹെങ്ബര്‍ട്ടിന് പരുക്കേറ്റതാണ് തിരിച്ചടിയായത്. 64ാം മിനുട്ടില്‍ ഏറ്റ പരുക്കിനെ തുടര്‍ന്ന് ഹെങ്ബര്‍ട്ടിനു കളം വിടേണ്ടി വന്നു. കഴിഞ്ഞ കളികളില്‍ ബ്ലാസ്റ്റേഴ്‌സിനെ നയിച്ചത് ഹെങ്ബര്‍ട്ടായിരുന്നു. നായകന്റെ പരുക്ക് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയ്ക്ക് കനത്ത തിരിച്ചടിയാണ്. ഹെങ്ബര്‍ട്ടിന് പരുക്കേറ്റ സാഹചര്യത്തിനിടെ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് തിരിച്ചെത്തിയത് ബ്ലാസ്റ്റേഴ്‌സ് നിരയ്ക്ക് ആശ്വാസം പകരുന്നതാണ്. വടക്കന്‍ അയര്‍ലന്‍ഡ് ദേശീയ ടീമിനായി ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ പോയ ഹ്യൂസ് ചൊവ്വാഴ്ച രാത്രിയാണ് മടങ്ങി എത്തിയത്. ഹ്യൂസ് ഇന്നു കളിക്കാനിറങ്ങും.
ഡല്‍ഹിക്കെതിരേ ഇറങ്ങിയ ടീമില്‍ കാര്യമായ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് ഡല്‍ഹിക്കെതിരേ ബ്ലാസ്റ്റേഴ്‌സ് മികച്ച തിരിച്ചുവരവാണ് നടത്തിയത്. കളിയില്‍ ആധിപത്യം പ്രകടിപ്പിക്കാനുമായി. എന്നാല്‍, മുന്നേറ്റ നിരക്കാരായ മൈക്കല്‍ ചോപ്ര, അന്റോണിയോ ജര്‍മെയ്ന്‍, ഡക്കന്‍സ് നാസന്‍ എന്നിവര്‍ അവസരങ്ങള്‍ തുലച്ചതാണ് വിജയം കൈവിട്ടു പോയത്. മൈക്കല്‍ ചോപ്ര ഗോള്‍ എന്നുറപ്പിച്ച മൂന്ന് സുവര്‍ണാവസരമാണ് കളഞ്ഞുകുളിച്ചത്. ചോപ്രയെ പുറത്തിരുത്തി ബെല്‍ഫോര്‍ട്ടിനെ ആദ്യ ഇലവനില്‍ പരീക്ഷിക്കാനും സാധ്യതയേറെയാണ്. മലയാളി സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ ബ്ലാസ്റ്റേഴ്‌സ് പ്രേമികള്‍ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു കളികളിലും പുറത്തിരിക്കേണ്ടി വന്ന റാഫിയുടെ സ്ഥാനം ഇന്നും സൈഡ് ബെഞ്ചില്‍ തന്നെയാവാനാണ് സാധ്യത. മധ്യനിരയില്‍ മറ്റത്തിന് സാധ്യതയില്ല. മടങ്ങി വന്ന ഹ്യൂസിന് ഒപ്പം ഹോസുവും ജിങ്കാനും പ്രതിരോധ നിരയില്‍ മാറ്റമില്ലാതെ തുടരും.
മുംബൈയുടെ നഷ്ടമായി ഫോര്‍ലാന്‍
ലോകോത്തര സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ ഡിഗോ ഫോര്‍ലാന്റെ നഷ്ടവുമായാണ് മുംബൈ സിറ്റി എഫ്.സി ബ്ലാസ്റ്റേഴ്‌സിനെ നേരിടാന്‍ ഇറങ്ങുന്നത്. ഈ സ്വര്‍ണ തലമുടിക്കാരന്റെ കളി കാണാന്‍ കാത്തിരുന്നവരും നിരാശയിലാണ്. പരുക്കിന്റെ പിടിയിലായ ഫോര്‍ലാന്‍ കൊച്ചിയില്‍ എത്തിയിട്ടില്ല. ഇപ്പോഴും മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ്. ഫോര്‍ലാന്‍ പരുക്കില്‍ നിന്നു മോചിതനാവാന്‍ കൂടുതല്‍ സമയം എടുക്കുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന വിവരം. പ്രണോയ് ഹെല്‍ഡറുടെ സേവനവും മുംബൈയ്ക്ക് ലഭിക്കില്ല. അത്‌ലറ്റിക്കോക്കെതിരെയുള്ള പോരാട്ടത്തില്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായതാണ് ഹെല്‍ഡര്‍ക്ക് തിരിച്ചടിയായത്. വിങുകളിലൂടെ അതിവേഗം മുന്നേറ്റം നടത്തുന്ന ഹെയ്തി താരം സോണി നോര്‍ദെ ആദ്യ ഇലവനില്‍ മുംബൈയ്ക്കായി ഇറങ്ങും. കാര്യമായ മാറ്റങ്ങളൊന്നും മുംബൈ ടീമില്‍ ഉണ്ടാവില്ല. മൂന്നു കളികളില്‍ രണ്ടു വിജയവും ഒരു സമനിലയുമായി രണ്ടാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഏഴു പോയിന്റുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സും മുംബൈയും തമ്മില്‍ ഐ.എസ്.എല്ലില്‍ നാലു തവണ ഏറ്റുമുട്ടിയിരുന്നു. മുംബൈ സിറ്റി ഒരു മത്സരം ജയിച്ചു. മൂന്നു മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. ഗോള്‍രഹിതമായ സമനിലയായിരുന്നു രണ്ടു മത്സരങ്ങളിലേത്. ഒരെണ്ണം 1-1നും അവസാനിച്ചു. ഇന്നു രാത്രി ഏഴിനു കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. വിജയത്തിലൂടെ തിരിച്ചുവരവിനു ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോള്‍, മഞ്ഞപ്പടയെ വീഴ്ത്തി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് മുംബൈ.
ദുരവസ്ഥ മാറുമെന്ന് കോപ്പല്‍
കൊച്ചി: ബ്ലാസ്റ്റേഴ്‌സിന്റെ ദുരവസ്ഥ മാറുമെന്നും വിജയത്തിലേക്കു തിരിച്ചുവരുമെന്നും പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. സ്വന്തം ടീമിനെ പ്രോത്സഹിപ്പിക്കാനെത്തുന്ന ബ്ലാസ്റ്റേഴ്‌സ് പ്രേമികളോടുള്ള ഉത്തരവാദിത്വത്തെ കുറിച്ച് കളിക്കാര്‍ക്ക് അറിയാം.
ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് കാത്തിരിക്കുന്ന വിജയ നിമിഷത്തിനു വേണ്ടി കളിക്കാര്‍ കൈയും മെയ്യും മറന്നു പോരാടുമെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു. പരുക്കേറ്റ സെഡ്രിക് ഹെങ്ബര്‍ട്ട് കളിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."