അടുത്ത വര്‍ഷം കരിപ്പൂരില്‍ നിന്ന് സര്‍വിസിന് ശ്രമിക്കും: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
നെടുമ്പാശ്ശേരി: ചെറിയ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തി അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്നും നടത്താന്‍ ശ്രമിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. നെടുമ്പാശ്ശേരിഹജ്ജ് ക്യാംപില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വെയുടെ അപര്യാപ്ത മൂലം വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് കേന്ദ്ര വ്യോമയാന വിഭാഗം നിയന്ത്രണം ഏര്‍പ്പെടുത്തിയതുകൊണ്ടാണ് കഴിഞ്ഞ രണ്ട് തവണയും ഹജ്ജ് സര്‍വിസ് താല്‍ക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റേണ്ടി വന്നത്.
450 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ജംബോ വിമാനങ്ങളാണ് സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് സര്‍വിസിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിക്കുന്നത് അടുത്ത വര്‍ഷം 300 പേര്‍ക്ക് കയറാന്‍ കഴിയുന്ന വിധത്തിലുള്ള വിമാനം അനുവദിച്ചു നല്‍കിയാല്‍ കരിപ്പൂരില്‍ നിന്നുതന്നെ സര്‍വിസ് നടത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും, എയര്‍പോര്‍ട്ട് അതോറിറ്റിയുമായും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചര്‍ച്ച നടത്തുമെന്നും ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്ത ഇന്ത്യയിലെ മറ്റ് ചില എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്നും ചെറിയ വിമാനങ്ങളില്‍ ഹജ്ജ് സര്‍വിസ് നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍ വളരെ സുഗമമായി ഹജ്ജ് ക്യാംപ് പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാ വിഭാഗങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു. ഇക്കാര്യത്തില്‍ സിയാലിന്റെ സഹായം ഏറെ പ്രശംസനീയമാണ്. മടങ്ങി വന്ന ഹാജിമാര്‍ക്കായി എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ ആരംഭിച്ച പ്രത്യേക ടെര്‍മിനലില്‍ നിന്നും എളുപ്പത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ എമിഗ്രേഷന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ എല്ലാവിധ സഹായങ്ങളും നല്‍കിയതായി അദ്ദേഹം പറഞ്ഞു. മടക്കയാത്രയില്‍ എല്ലാ വിമാനങ്ങളും കൃത്യമായ സമയക്രമം പാലിച്ചതായും ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."