സ്വാശ്രയ ഫീസ് വര്‍ധന: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
അത്തോളി: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിനെതിരേ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലിസ് വലയംഭേദിച്ച് ആശുപത്രി പരിസരത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷം ശക്തമായതോടെ പൊലിസ് ലാത്തിവീശി. സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ടു പൊലിസുകാര്‍ക്കും പരുക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സി.വി ഷംജിത്, ലിഞ്ജു എസ്തപ്പാന്‍, ഷിബു നടക്കാവ് എന്നിവര്‍ക്കും പൊലിസുകാരായ സി.പി അഭിലാഷ്, ഇ.സി വിനോദ് എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാവങ്ങാട്-ഉള്ള്യേരി സംസ്ഥാന പാത ഉപരോധിച്ചതോടെ ഗതാഗതം സ്തംഭനവും അനുഭവപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി നൗഷിര്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ്, ബാലകൃഷ്ണന്‍ കിടാവ്, ടി. ഗണേഷ് ബാബു, കെ.കെ പരീദ്, എം. ധനീഷ്‌ലാല്‍ പ്രസംഗിച്ചു. ജൈസല്‍ കമ്മോട്ടില്‍, ജിതേഷ് മുതുകാട്, അഷ്‌റഫ് എടക്കാട്, പി.വി ഷംജിത്, ശ്രീജേഷ് ഊരത്ത് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."