തിരുവമ്പാടിയില്‍ വിമാനത്താവളം ആരംഭിക്കണമെന്ന്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസന സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ക്ക് നടുവിലായി വരുന്ന തിരുവമ്പാടിയില്‍ വിമാനത്താവളം ആരംഭിക്കണമെന്ന് മലബാര്‍ ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ട് കമ്മിറ്റി (മിയാക് ), മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ (എം.ഡി.സി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളം വികസനത്തിനായി സ്ഥലമേറ്റടുക്കല്‍ പ്രതിസന്ധിയിലായതിനാല്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കുള്ള പരിഹാരമായിരിക്കും തിരുവമ്പാടി വിമാനത്താവളം. തിരുവമ്പാടി പഞ്ചായത്തിലെ നീലേശ്വരം, തിരുവമ്പാടി ഡിവിഷനുകളിലായുള്ള മനുഷ്യവാസമില്ലാത്ത 1800 ഏക്കര്‍ റബര്‍ എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി കണ്ടുവച്ചിരിക്കുന്നത്. ഇവിടെ വിമാനത്താവളത്തിന്റെ സാധ്യതയെപ്പറ്റി കരിപ്പൂര്‍ വിമാനത്താവളം മുന്‍ ഡയറക്ടര്‍ സി. വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക സര്‍വേയില്‍ പരിസ്ഥിതി സൗഹൃദ വിമാനത്താവളം നിര്‍മിക്കാന്‍ അനുയോജ്യമായ സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി മുതല്‍മുടക്കാന്‍ സ്വകാര്യ കമ്പനികള്‍ ഏറേയുണ്ടെന്നതും വിമാനത്താവളമെന്ന ലക്ഷ്യം കൈവരിക്കാന്‍ എളുപ്പമായി കരുതപ്പെടുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിക്കുന്ന 17 പരിസ്ഥിതി സൗഹൃദ വിമാനത്താവളങ്ങളില്‍ ഒന്നായി ഇതിനെ പ്രഖ്യപിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും കേന്ദ്ര നേതാക്കളെ സമീപിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, കെ.എന്‍ ചന്ദ്രന്‍, സി.ഇ ചാക്കുണ്ണി, ഖാലിദ് പുതുശേരി, ജോണി പറ്റാനി, സുബൈര്‍ കൊളക്കാടന്‍, ബേബി പെരുമാലില്‍, ജോയി അഗസ്റ്റിന്‍, മോഹന്‍ ചന്ദ്രഗിരി, അഡ്വ. എം.കെ അയ്യപ്പന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."