ജില്ലയില്‍ ചെറിയതുകക്കുള്ള മുദ്രക്കടലാസ് കിട്ടാനില്ല
ഒലവക്കോട്: ജില്ലയില്‍ മാസങ്ങളായി ചെറിയ തുകക്കുള്ള മുദ്രക്കടലാസ് ലഭിക്കാനില്ല. 20, 50, 100 രൂപക്കുള്ള മുദ്രപത്രങ്ങള്‍ക്കാണ് ദൗര്‍ലഭ്യം നേരിടുന്നത്. ഇവ ആവശ്യമുള്ളവര്‍ നിര്‍ബന്ധിതമായി 500 രൂപയുടെ മുദ്രക്കടലാസ് വാങ്ങണം.
ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകളില്‍ മുദ്രക്കടലാസുകള്‍ ട്രഷറി വഴിയും അതിനു താഴെയുള്ളവ വെണ്ടര്‍മാര്‍ വഴിയുമാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ഇതൊന്നും അറിയാത്ത സാധാരണക്കാര്‍ എല്ലാ ആവശ്യങ്ങള്‍ക്കും പ്രദേശിക വെണ്ടര്‍മാരെയാണ് സമീപിക്കുന്നത്.
എന്നാല്‍, തിരുവനന്തപുരത്തെത്തി മുദ്രക്കടലാസുകള്‍ ഏറ്റുവാങ്ങാനുള്ള ചിലവും യാത്രാ പ്രശ്‌നവും കണക്കിലെടുത്ത് സ്‌റ്റോക്കുള്ള മറ്റു മുദ്രപത്രങ്ങള്‍ കൂടി തീര്‍ന്നാലെ അടുത്ത സ്‌റ്റോക്കെടുക്കുവാന്‍ വെണ്ടര്‍മാര്‍ തയ്യാറാവുന്നുള്ളൂ എന്നതും അത് ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങള്‍ക്ക് താല്‍ക്കാലിക ക്ഷാമം സൃഷ്ടിക്കുമെന്നും ജില്ലയിലെ ആധാരമഴുത്തുകാര്‍ പറയുന്നു.
തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോക്കാണ് സംസ്ഥാനത്തിനകത്ത് എല്ലാ ജില്ലകളിലേയും മുദ്രപത്രങ്ങളുടെ വിതരണ ചുമതല. മഹാരാഷ്്ട്രയിലെ നാസിക്ക് സെക്യൂരിറ്റി പ്രസില്‍ ബഹുവിധ സുരക്ഷാ ക്രമീകരണങ്ങളോടെ അച്ചടിച്ചശേഷം കനത്ത വന്‍ സെക്യൂരിറ്റി അകമ്പടിയോടെ തിരുവനന്തപുരത്ത് എത്തിക്കുന്നതാണ് ഇതുവരെ സ്വീകരിച്ചുവരുന്ന രീതി.
എല്ലാ ജില്ലകളിലും മുദ്രകടലാസുകള്‍ വിതരണത്തിന് ട്രഷറി മുഖാന്തിരം സൗകര്യമൊരുക്കണമെന്ന് വെണ്ടര്‍മാര്‍ പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ആവശ്യമാണെങ്കിലും ബന്ധപ്പെട്ടവര്‍ അനുമതി നല്‍കിയിട്ടില്ല.
അതേ സമയം 20 മുതല്‍ 100 രൂപ വരെയുള്ള മുദ്രപത്രങ്ങള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ മേഖലയിലേക്ക് കടത്തുന്നതായി ആരോപണങ്ങളുയരുന്നുണ്ട്. ചെറിയ സംഖ്യക്കുള്ള മുദ്രപത്രങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന കമ്മീഷന്‍ കുറഞ്ഞുപോകുന്നതിനാല്‍ കൃത്രിമ ക്ഷാമമുണ്ടാക്കി 500 രൂപയുടെ മുദ്രപത്രം വാങ്ങിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."