ദുരന്തങ്ങളില്‍ രക്ഷ: നാല് അത്യാധുനിക ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്നു
തിരുവനന്തപുരം: ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അത്യാധുനിക ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് പദ്ധതി. നാല് ഉപകരണങ്ങളാണ് വികസിപ്പിച്ചെടുക്കുന്നത്. രണ്ട് എന്‍ജിനീയറിങ് കോളജുകളിലെ വിദ്യാര്‍ഥികള്‍ കണ്ടെത്തുകയും, അതോറിറ്റി അംഗീകരിക്കുകയും ചെയ്ത പദ്ധതികളാണിവ.
ഹെലിക്യാം (ഫയര്‍ പ്രൂഫ് വിത്ത് ജി.പി.എസ് ആന്റ് ഇന്‍ഫ്രാറെഡ് ക്യാമറ), ടൈം സേവര്‍ (റെസ്‌ക്യൂ ടൈം സേവര്‍), സീസ്മിക് ഡിറ്റക്ടര്‍ (ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് ത്രൂ എയര്‍ലി ഡിറ്റക്ഷന്‍ ഓഫ് സീസ്മിക് സിഗ്നല്‍സ്), ഹൈഡ്രോ ജാക്കറ്റ് (ഹൈഡ്രോ റെസ്‌ക്യൂ സിസ്റ്റം) എന്നിവയാണ് അവ.
കെട്ടിടങ്ങളില്‍ ഉണ്ടാകുന്ന തീപിടിത്തങ്ങളില്‍ പെട്ടുപോകുന്നവരെ രക്ഷിക്കാനാകുന്നതാണ് ഫയര്‍ പ്രൂഫ് ഹെലിക്യാം. തീപിടിച്ച കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ ഇതുകൊണ്ട് കഴിയും. ഉണ്ടെങ്കില്‍ മാത്രം രക്ഷാപ്രവര്‍ത്തകര്‍ക്ക് കെട്ടിടത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം നടത്താം.
ജി.പി.എസ്. സംവിധാനവും, ഇന്‍ഫ്രാറെഡ് ക്യാമറയും ഘടിപ്പിച്ചിട്ടുണ്ടാകും. ദുരന്തങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സുകള്‍ക്ക് മാര്‍ഗതടസ്സം ഉണ്ടാകാതിരിക്കാനുള്ള സംവിധാനമാണ് ടൈം സേവര്‍. നിരത്തുകളിലെ ട്രാഫിക് സിഗ്നല്‍ പോസ്റ്റുകളിലും ആംബുലന്‍സുകളിലും ഈ സംവിധാനം ഘടിപ്പിച്ചാല്‍, ട്രാഫിക് സിഗ്നലിന് 500 മീറ്റര്‍ അകലെ ആംബുലന്‍സ് എത്തുമ്പോള്‍ താനെ പച്ച സിഗ്നല്‍ തെളിയും. ഇതുവഴി ദുരന്ത ബാധിതരെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനാകും.
സീസ്മിക് സോണ്‍ മൂന്നില്‍പ്പെടുന്ന സംസ്ഥാനമാണ് കേരളം. അപകടകരമായി തുടരുന്ന മുല്ലപ്പെരിയാര്‍ ഭൂകമ്പത്തെ അതിജീവിക്കില്ലെന്ന് വിദഗ്ധര്‍ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തില്‍ സീസ്മിക് സിറ്റക്ടര്‍ എന്ന ഉപകരണം ദുരന്ത നിവാരണ അതോറിറ്റിക്ക് ഏറെ പ്രയോജനം ചെയ്യും.
ഭൂകമ്പത്തിന്റെ ആദ്യ പ്രകമ്പനം പോലും മണിക്കൂറുകള്‍ക്കു മുന്‍പ് തിരിച്ചറിയാന്‍ ഈ ഉപകരണം കൊണ്ട് സാധിക്കും. ഭൂമിയിലുണ്ടാകുന്ന ഏതുതരം പ്രകമ്പനങ്ങളെയും ഇത് പിടിച്ചെടുക്കും. ആദ്യഘട്ടം ഏതുഭാഗത്താണെന്നും അതിന്റെ തീവ്രത എത്രയാണെന്നും നേരത്തേ തിരിച്ചറിയാനും കഴിയും. ഇതുവഴി രക്ഷാപ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആരംഭിക്കാനാകും.
ബോട്ടപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹൈഡ്രോ റെസ്‌ക്യൂ സിസ്റ്റം ഏറെ ഗുണം ചെയ്യും. ബോട്ട് യാത്ര നടത്തുന്നവര്‍ ഹൈഡ്രോ ജാക്കറ്റ് ധരിച്ചാല്‍ അപകടങ്ങളുണ്ടാകുമ്പോള്‍ ജാക്കറ്റുകള്‍ സ്വയം വീര്‍ത്ത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. അപകടത്തില്‍പ്പെടുന്നവര്‍ ജലാശയത്തിന്റെ ഏതു ഭാഗത്താണെന്നറിയാന്‍, ജാക്കറ്റില്‍ തന്നെ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്നു വരുന്ന സിഗ്നലുകള്‍ കമ്പ്യൂട്ടറിന്റെ സഹായത്താല്‍ കണ്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉപകരിക്കും.
മൂന്നുപദ്ധതികള്‍ അടൂര്‍ ശ്രീനാരായണാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് വികസിപ്പിച്ചെടുക്കുന്നത്. സീസ്മിക് ഡിറ്റക്ടര്‍ വികസിപ്പിച്ചെടുക്കുന്നത് തിരുവനന്തപുരം എസ്.സി.ടി. കോളജ് ഓഫ് എന്‍ജിനീയറിങാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."