സഊദി സന്ദര്‍ശക വിസക്ക് ഇനി വില പൊള്ളും
ജിദ്ദ: സഊദിയിലേക്ക് വിസിറ്റ് വിസാ ഫീസ് വര്‍ധിപ്പിച്ചതിനു പുറമേ ആരോഗ്യ ഇന്‍ഷൂറന്‍സും നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച് നിയമം നാളെ മുതല്‍ നിലവില്‍ വരും. ഇത് സഊദിയിലേക്ക് വിസിറ്റ് വിസക്ക് കുടുംബങ്ങളെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
ഓരോ സന്ദര്‍ശകനും 254 ഡോളര്‍(ഏകദേശം 17,400 രൂപ )വീതം അടക്കണമെന്നും ഇന്‍ഷൂറന്‍സ് എടുത്തവര്‍ക്കു മാത്രമേ വിസ സ്റ്റാമ്പ് ചെയ്യുകയുള്ളൂവെന്നുമാണ് സഊദി കോണ്‍സുലേറ്റ് മുംബൈയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍ക്കുലര്‍ വഴി അറിയിച്ചിട്ടുള്ളത്. ഫാമിലി വിസിറ്റിനും ട്രാന്‍സിറ്റ് വിസക്കും നിയമം ബാധകമാണ്. എന്നാല്‍ ഹജ്ജ് ഉംറ തീര്‍ഥാടകരെ നിയമം ബാധിക്കില്ല. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും രാജാവിന്റെ അതിഥികളായി ചെല്ലുന്നവര്‍ക്കും ഇന്‍ഷൂറന്‍സ് വേണ്ട.
വിസ ഫീസിനൊപ്പം സഊദി എംബസിയിലെ ഇന്‍ജാസ് പോര്‍ട്ടല്‍ ബാങ്കിങ് വഴി പണമടച്ചാണ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടേണ്ടത്. നാളെ മുതല്‍ വിസ സ്റ്റാമ്പിങിന് നല്‍കുന്ന എല്ലാ പാസ്‌പോര്‍ട്ടിനൊപ്പവും സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണമെന്നാണ് കോണ്‍സുലേറ്റിന്റെ കര്‍ശന നിര്‍ദേശം. അപകടങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ ചികിത്സക്കും മറ്റും നാട്ടിലെത്തിക്കാന്‍ എയര്‍ ആംബലുന്‍സ് അടക്കമുള്ള സേവനത്തിനാണ് ഇന്‍ഷൂറന്‍സ് ഈടാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
പുതിയ സാഹചര്യത്തില്‍ ഒരു കുടുംബാംഗത്തെ സഊദിയിലേക്ക് കൊണ്ടുവരാനുള്ള വിസ സ്റ്റാമ്പിങ് നടപടികള്‍ക്ക് മാത്രം ട്രാവല്‍ ഏജന്റുമാരുടെ കമ്മിഷന്‍ അടക്കം ഏകദേശം 56,500 ഇന്ത്യന്‍ രൂപ മുടക്കേണ്ടി വരും, വിമാന ടിക്കറ്റ് ചാര്‍ജ് വേറെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."