മനസ്സ് നന്നാകണമെങ്കില്‍ ജനങ്ങളില്‍ സാമൂഹ്യബോധം ഉണ്ടാകണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ മനസ്സ് നന്നാകണമെങ്കില്‍ ജനങ്ങളില്‍ സാമൂഹ്യബോധം ഉണ്ടാകണമെന്ന് മന്ത്രി കെ.കെ ശൈലജ. ലോക മാനസികാരോഗ്യ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാമൂഹ്യബോധമുണ്ടാകണമെങ്കില് രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. നല്ല മാനസികാരോഗ്യം വളര്‍ത്തിയെടുക്കാന്‍ യോഗ നല്ലൊരു മാര്‍ഗമാണ്. വിശ്വാസികളാണെങ്കില്‍ പ്രാര്‍ഥനയും നല്ലതാണ്. എന്നാല്‍ അന്ധമായ വിശ്വാസം കാരണം മരുന്നു പോലും വേണ്ടെന്നു വച്ച് പ്രാര്‍ഥിക്കുന്നത് ദോഷം ചെയ്യും. ആരും മാനസികാരോഗ്യ കേന്ദ്രം തേടി പോകാത്ത കാലം വരണം. അതിന് സുസ്ഥിരമായൊരു മാനസികാരോഗ്യം വളര്‍ത്തി എടുക്കണം.
സമൂഹത്തിലെ ഓരോ വ്യക്തിയും സാമൂഹ്യപ്രവര്‍ത്തകരായി മാറിയാല്‍ അത് സാധ്യമാകും. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ തുടര്‍ന്നു വരുന്ന രീതികളില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. കോഴിക്കോട് മാനസികാരോഗ്യം കേന്ദ്രം മാതൃകാ കേന്ദ്രമാക്കുന്നതിന് 100 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതിനായുള്ള മാസ്റ്റര്‍ പ്ലാനും തയാറായി. ചില സംഘടനകള്‍ നടത്തുന്ന മാനസികാരോഗ്യ കേന്ദ്രങ്ങള്‍ മികച്ചതാണ്. സംസ്ഥാന സമഗ്ര ആരോഗ്യ പദ്ധതി അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."