അപകടഭീഷണി ഉയര്‍ത്തി മുക്കം പാലം; പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം
മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മുക്കം പാലം പുതുക്കി പണിയണമെന്ന് ആവശ്യം ശക്തമാകുന്നു. ദിവസേന നൂറു കണക്കിന് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന മുക്കത്തെ പ്രധാന പാലമാണ് അപകടാവസ്ഥയിലായത്. സംസ്ഥാന പാതയില്‍ ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ സ്ഥാപിച്ച പാലത്തിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞെതാണ്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ പാലം നിര്‍മിച്ചത്. വാഹനങ്ങളുടെ കുത്തൊഴുക്കാണ് പാലത്തിന്റെ ബലക്ഷയമുണ്ടാകാന്‍ കാരണം. ഇരുനൂറോളം ക്വാറി, ക്രഷര്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയ ലോഡ് കയറ്റിയ വാഹനങ്ങളും മറ്റ് വാഹനങ്ങളും സര്‍വീസ് തുടങ്ങിയതോടെ പാലത്തിലൂടെയുള്ള യാത്ര ഭീതിജനകമായി. പാലത്തിന്റെ കോണ്‍ക്രീറ്റ് കാലുകളുടെ അടിഭാഗത്തെ സിമന്റ് അടര്‍ന്ന് കമ്പി പുറത്തു കാണുന്ന നിലയിലാണ്.
വീതിക്കുറവ് കാരണം രണ്ട് വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ കൈവരിയോട് ചേര്‍ന്ന് നടക്കേണ്ട അവസ്ഥയാണ്. പലയിടങ്ങളിലും കൈവരികള്‍ തകര്‍ന്നിട്ടുമുണ്ട്. നശിച്ചകൈവരികള്‍ ഇതുവരെ പുതുക്കി പണിതിട്ടില്ല. നേരത്തെ ഇവിടെ നടന്ന അപകടത്തില്‍ കാല്‍നടയാത്രക്കാരന്‍ മരിച്ചിരുന്നു. ഇതിന് ശേഷവും ചെറുതും വലുതുമായ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. താല്‍ക്കാലികമായി പാലത്തിന് സമാന്തരമായി ഒരു നടപ്പാതയെങ്കിലും നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശേഷം പാലം പുതുക്കി പണിത് യാത്ര സുരക്ഷിതമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."