വീട് കുത്തിത്തുറന്ന് അര ലക്ഷം രൂപ കവര്‍ന്നു
തളിപ്പറമ്പ്: കരിമ്പം ബ്ലോക്ക് ഓഫിസിനു സമീപം വീട് കുത്തിത്തുറന്ന് 50,000 രൂപ കവര്‍ന്നു. എ. അബ്ദുല്ല ഹാജിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. സര്‍സയ്യിദ് കോളജ് റോഡില്‍ ചായക്കട നടത്തുന്ന പന്നിയൂരിലെ കാനപ്രത്ത് ചന്ദ്രനാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്.
ശനിയാഴ്ച രാത്രി കട പൂട്ടി ചന്ദ്രന് പന്നിയൂരിലെ വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടത്. ഇരുമ്പു വലയിട്ട കിണറ്റിനു മുകളിലൂടെ കുളിമുറി വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് അലമാരയിലെ ബാഗില്‍ സൂക്ഷിച്ച 50,000 രൂപയാണ് കവര്‍ന്നത്. ബാഗിലുണ്ടായിരുന്ന 10 രൂപയുടെ കെട്ടുകളാക്കിയ 4,000 രൂപ ബാഗില്‍ തന്നെ ഉപേക്ഷിച്ചാണ് മോഷ്ടാവ് പോയത്. അടുക്കളയിലേക്കുള്ള വാതിലും സെന്‍ട്രല്‍ ഹാളിലേക്കുള്ള വാതിലും തകര്‍ത്ത നിലയിലാണ്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഡീഷനല്‍ എസ്.ഐ കെ.അബ്ദുല്‍നാസറിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."