വിജയത്തിന്റെ ആത്മവിശ്വാസത്തില്‍...
കേരള ബ്ലാസ്റ്റേഴ്‌സ് - എഫ്.സി പൂനെ സിറ്റി പോരാട്ടം ഇന്നു രാത്രി ഏഴിന്
വിജയ താളം വീണ്ടെടുത്തെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുള്ള പ്രയാണം കഠിനമായ പാതയില്‍ തന്നെയാണ്. ഓരോ മത്സരവും ഓരോ ഗോളും നിര്‍ണായകം. തുടര്‍ വിജയങ്ങള്‍ നേടി ആദ്യ പാദത്തില്‍ തന്നെ പോയിന്റ് പട്ടികയില്‍ ആദ്യ നാലിലേക്കെത്താനുള്ള മോഹത്തിലാണ് മഞ്ഞപ്പട. മൈക്കല്‍ ചോപ്രയുടെ ഗോളില്‍ മുംബൈയെ വീഴ്ത്തി നേടിയ ആത്മവിശ്വാസം നല്‍കിയ ഊര്‍ജവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു പൂനെ സിറ്റി എഫ്.സിയെ നേരിടുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പൂനെയ്‌ക്കെതിരേ മികച്ച വിജയങ്ങളുടെ റെക്കോര്‍ഡാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.
കഴിഞ്ഞ രണ്ടു പതിപ്പുകളിലായി നാലു തവണ ഏറ്റമുട്ടിയപ്പോഴും മൂന്നിലും വിജയം ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു. ആദ്യ പതിപ്പില്‍ പൂനെയെ അവരുടെ തട്ടകത്തില്‍ 2-1നു കീഴടക്കിയ ബ്ലാസ്റ്റേഴ്‌സ് 1-0നു കൊച്ചിയിലും വിജയം നേടി. രണ്ടാം പതിപ്പിലെ ആദ്യ പാദത്തില്‍ 3-2നു സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയതാണ് പൂനെയുടെ ഏക വിജയം. എന്നാല്‍ കൊച്ചിയില്‍ 2-0നു കീഴടക്കി ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു.
മൂന്നാം പതിപ്പിന്റെ ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് നാലു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഒരു വിജയവും ഒരു സമനിലയും രണ്ടു തോല്‍വിയുമായി നാലു പോയിന്റ് നേടി പട്ടികയില്‍ ആറാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങള്‍ പിന്നിട്ട പൂനെയ്ക്ക് ഒരു ജയവും രണ്ടു തോല്‍വിയും നേരിടേണ്ടി വന്നു. മൂന്നു പോയിന്റ് മാത്രമുള്ള പൂനെ ഏഴാം സ്ഥാനത്താണ്. കരുത്തരായ മുംബൈയെ അട്ടിമറിച്ച് തിരിച്ചു വന്നതിന്റെ ആത്മവിശ്വാസവും ആവേശവുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നു പൂനെയെ അവരുടെ തട്ടകത്തില്‍ നേരിടാനിറങ്ങുന്നത്.
ഒറ്റ വിജയം കൊണ്ടു തന്നെ മഞ്ഞപ്പട ആകെ മാറിയിരിക്കുന്നു. ടീമിനെ പിന്തുണയ്ക്കുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആഹ്ലാദിക്കാനുള്ള വക നല്‍കാനായതില്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലും ആവേശത്തിലാണ്. വിജം തുടരാനുള്ള തന്ത്രങ്ങളൊരുക്കി തന്നെയാണ് കോപ്പല്‍ പൂനെയെ നേരിടാന്‍ ടീമിനെ ഒരുക്കിയിട്ടുള്ളത്. മാര്‍ക്വീതാരവും നായകനുമായ ആരോണ്‍ ഹ്യൂസും പ്ലേമേക്കര്‍ ഹോസു കുരിയാസിലും സെഡ്രിക് ഹെങ്ബര്‍ട്ടിലും സന്തേഷ് ജിങ്കാനും ഉള്‍പ്പെട്ട പ്രതിരോധ നിര തന്നെയാണ് കൊമ്പന്‍മാരുടെ കരുത്ത്. മധ്യനിരയും മുന്നേറ്റ നിരയും വിജയാവേശം വീണ്ടെടുത്തു കഴിഞ്ഞു.
എങ്കിലും ഫിനിഷിങില്‍ പോരായ്മ തുടരുകയാണ്. ഇടതു വിങിലൂടെ ഹോസുവും വലതു വിങിലൂടെ ജിങ്കാനും ഒരുക്കി നല്‍കുന്ന മികച്ച മുന്നേറ്റങ്ങളെ ഗോളാക്കി മാറ്റാന്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് പലപ്പോഴും കഴിയാതെ വരുന്നു. ഇതിനു കൂടി മാറ്റം സംഭവിച്ചാല്‍ വിജയം മാത്രമല്ല ഗോള്‍ സമ്പാദ്യവും ഉയര്‍ത്താനാകും. അതിനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. മുംബൈക്കെതിരേ കളിച്ച ആദ്യ ഇലവനില്‍ മാറ്റം വരുത്താതെയാവും കോപ്പല്‍ ഇന്നു മഞ്ഞപ്പടയെ കളത്തിലിറക്കുക. മൈക്കല്‍ ചോപ്രയും മുഹമ്മദ് റാഫിയും തന്നെ ആക്രമണം നയിക്കും.
പൂനെയ്ക്ക് മുഖ്യ പരിശീലകന്‍ ആന്റോണിയോ ഹബ്ബാസിന്റെ സേവനം ഈ മത്സരത്തിലും മൈതാനത്തു ലഭിക്കില്ല. അദ്ദേഹത്തെ ഗാലറിയില്‍ ഇരുത്തിയാണ് ടീം ഇന്നും കളിക്കാനിറങ്ങുക. രണ്ടാം പതിപ്പില്‍ ഹബ്ബാസിനു ലഭിച്ച സസ്‌പെന്‍ഷന്‍ കാലാവധി ഇന്നത്തോടെ മാത്രമേ അവസാനിക്കു. സഹ പരിശീലകന്‍ മിഗ്വേലിനാണ് പൂനെ പടയുടെ ചുമതല. പൂനെക്കെതിരേ മികച്ച റെക്കോര്‍ഡുമായാണ് കൊമ്പന്‍മാരുടെ വരവെങ്കിലും ഗോവയ്‌ക്കെതിരേ ഫത്തോര്‍ഡയില്‍ 2-1നു നേടിയ വിജയം പൂനെ ഏതു നിമിഷവും ആഞ്ഞടിക്കുമെന്നത് വരച്ചുകാട്ടുന്നു. അവസാന നിമിഷം വരെ സമനിലയില്‍ നിന്ന മത്സരം 90ാം മിനുട്ടില്‍ പകരക്കാരനായി വന്ന എന്‍ഡോയെയിലൂടെയാണ് പൂനെ വിജയം കൈപ്പിടിയിലാക്കിയത്.
മഹാരാഷ്ട്ര ഡര്‍ബിയില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തിലെ തോല്‍വിയാണ് പൂനെക്ക് ഈ സീസണിലെ ഏറ്റവും വലിയ തിരിച്ചടി. ഈ സീസണിലെ പൂനെയുടെ മറ്റൊരു തോല്‍വി നോര്‍ത്ത്ഈസ്റ്റ് യുനൈറ്റിഡിനോടായിരുന്നു. നോര്‍ത്ത്ഈസ്റ്റിനെതിരെയുള്ള പോരാട്ടത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചു പുറത്താകേണ്ടി വന്നതിനാല്‍ ഡിഫന്‍ഡര്‍ എഡ്വേര്‍ഡോ ഫെരേര ബ്ലാസ്റ്റേഴ്‌സിനെ നേരിടാന്‍ ഉണ്ടാവില്ല. ടീമിന്റെ മാര്‍ക്വീ താരം കൂടിയായ ഫ്രഞ്ച് മധ്യനിര താരം മുഹമ്മദ് സിസോക്കോ അവസരത്തിനൊത്തു പൊസിഷനില്‍ മാറ്റം വരുത്തി ഈ പോരായ്മ പരിഹരിക്കുമെന്നാണ് പൂനെയുടെ പ്രതീക്ഷ. എന്‍ഡോയെ, ട്രാവോര്‍, അനിബാല്‍ എന്നിവര്‍ മാത്രമാണ് അറ്റാക്കര്‍മാരായുള്ളു. എന്നാല്‍ മിഡ്ഫീല്‍ഡില്‍ 12 പേരെ തിരഞ്ഞെടുത്തു കാര്യമായ ശക്തി സംഭരിച്ച പൂനെയ്ക്ക് അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറായി ഇറക്കുവാന്‍ നിരവധി പേരുണ്ട്. അരാറ്റ ഇസുമി, ടാറ്റോ, ഓബര്‍മാന്‍, റാല്‍റ്റെ, ജോനാഥന്‍ ലൂക്ക, സിസോക്കോ എന്നിവരെല്ലാം കഴിഞ്ഞ മത്സരങ്ങളില്‍ സാന്നിധ്യം തെളിയിച്ചവരാണ്. സിസോക്കോയിലാണ് സഹ പരിശീലകന്‍ മിഗ്വേലിന്റെ പ്രതീക്ഷയും. സെന്റര്‍ ബാക്കും സെന്റര്‍ മിഡ്ഫീല്‍ഡും ഒരു പോലെ കൈകാര്യം ചെയ്യാനുള്ള ചമതല സിസോക്കോയ്ക്കാണ് മിഗ്വേല്‍ നല്‍കിയിരിക്കുന്നത്. പൂനെ ബാലേവാഡിയിലെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ ഇന്നു രാത്രി ഏഴിനാണ് പോരാട്ടം.
പരീക്ഷണം തുടരും: സ്റ്റീവ് കോപ്പല്‍
ബ്ലാസ്റ്റേഴ്‌സിന്റെ വിജയ വഴിയിലേക്കുള്ള തിരിച്ചു വരവില്‍ മുഖ്യ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ആത്മവിശ്വാസത്തിലാണ്. ഓരോ മത്സരത്തിലും ഓരോ ഗെയിം പ്ലാനാണ് തയ്യാറാക്കുന്നതെന്നു കോപ്പല്‍ പറഞ്ഞു. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരായ ഗോള്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രം സംഭവിച്ചതാണ്. പ്രതിരോധക്കാരന്റെ കാലില്‍ തട്ടിവന്ന ഡിഫ്‌ളക്ഷന്‍ ഷോട്ട് വിധിയുടെ ഒരു ക്രൂരതയായി കാണുവാനാണ് കോപ്പലിനു താത്പര്യം. ഓരോ ഗെയിമും ഓരോ പോയിന്റും നിര്‍ണായകമാണ്. പരമാവധി പോയിന്റുകള്‍ നേടുകയാണ് ആവശ്യം. ടീം വിജയ താളത്തിലേക്കു എത്തിയിരിക്കുന്നു. ഈ വിജയ താളം തുടരുമെന്നും കോപ്പല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ടീമിന്റെ വിജയത്തില്‍ നെടുംതൂണ്‍ ആയ ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബാര്‍ട്ടും തമ്മിലുള്ള ഒരുമ ടീമിനു മുതല്‍ക്കൂട്ടാണെന്നും കോപ്പല്‍ വ്യക്തമാക്കി.
ഇനിയും മെച്ചപ്പെടാനുണ്ട്: മിഗ്വേല്‍
ടീമിന്റെ ഏതെങ്കിലും ഒരു പൊസിഷനില്‍ കുറവ് ഉണ്ടെന്നു പറയാനാവില്ലെന്നു പൂനെ സിറ്റി എഫ്.സിയുടെ സഹ പരിശീലകന്‍ മിഗ്വേല്‍. ടീം എല്ലാ മേഖലകളിലും മെച്ചപ്പെടേണ്ടതുണ്ട്. ടീമിന്റെ മൊത്തം ഉത്തരവാദിത്വമാണത്. കഠിനാധ്വാനത്തിലൂടെ അതിനു പരിഹാരം കാണും. മിഗ്വേല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."