ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യൂനിയന്‍ പ്രതിഷേധിച്ചു
കൊച്ചി: ഓണ്‍ലൈന്‍ ടാക്സി മാനേജ്മെന്റുകളുടെ നിലപാടുകള്‍ക്കെതിരേ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യൂനിയന്റെ(ഒ.ടി.ഡി.യു) നേതൃത്വത്തില്‍ ഓഫ്ലൈന് സമരവും യൂബര്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രി 12 മുതല്‍ തിങ്കളാഴ്ച രാത്രി 12 വരെയാണ് യൂബര്‍ ഡ്രൈവേഴ്സ് സര്‍വ്വീസ് നടത്താതെ ഓഫ്ലൈനായി സമരം ചെയ്തത്.
പാലാരിവട്ടം ജങ്ഷനില്‍ നിന്നും യൂബര്‍ ഓഫിസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് യൂനിയന്‍ പ്രസിഡന്റ് ടി.ആര്.എസ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റിക്വസ്റ്റും വാഹനങ്ങളും തമ്മിലുള്ള അനുപാതം 1:20 ആക്കുക, ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങള്‍ക്ക് തന്നെ ആവശ്യമുള്ള തോതില്‍ ട്രിപ്പുകള്‍ ലഭിക്കാത്തതിനാല്‍ താല്‍ക്കാലികമായെങ്കിലും പുതിയ വാഹനങ്ങളെ പദ്ധതിയുമായി ബന്ധിപ്പിക്കാതിരിക്കുക, 12 മണിക്കൂര്‍ തുടര്‍ച്ചയായി ഓണ്‍ലൈനില്‍ ജോലിചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുക, ഡ്രൈവര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരം ചെയ്തത്.
യൂനിയന്‍ സെക്രട്ടറി ജേക്കബ് തോമസ്, ജോ.സെക്രട്ടറി നവാസ് പൊന്നാനി തുടങ്ങിയവര്‍ സംസാരിച്ചു. ഒ.ടി.ഡി.യു യൂനിയനില്‍ അംഗമല്ലാത്ത യൂബര്‍ ടാക്സികള്‍ നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."