സിവില്‍ സര്‍വീസ് ജനപക്ഷമാകണം: റ്റി.ജെ ആഞ്ചലോസ്
ആലപ്പുഴ: സിവില്‍ സര്‍വ്വീസിനെ സംരക്ഷിച്ച് നിലനിര്‍ത്തണമെങ്കില്‍ സിവില്‍ സര്‍വ്വീസ് അഴിമതിരഹിതവും ജനപക്ഷവുമായി മാറണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്. ജോയിന്റ് കൗണ്‍സില്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വ്വീസ് ഒരുപാട് വളര്‍ന്നിട്ടും അത് ജനപക്ഷമായി മാറിയിട്ടില്ല എന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. സിവില്‍ സര്‍വ്വീസിന്റെ ശാപമായ കെടുകാര്യസ്ഥതയും അഴിമതിയും ഇന്നും സിവില്‍ സര്‍വ്വീസിനെ വിട്ടൊഴിഞ്ഞിട്ടില്ല എന്നത് സിവില്‍ സര്‍വ്വീസിന്റെ നിലനില്‍പ്പിനെ ദുര്‍ബ്ബലപ്പെടുത്തും. എന്നാല്‍ പുതിയ ജനപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റെടുത്ത് സിവില്‍ സര്‍വ്വീസിനെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതും സര്‍വ്വീസ് മേഖലയില്‍ ചെറുതല്ലാത്ത മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളതെന്നതും ആശാവഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജെ ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി പി എസ് സന്തോഷ്‌കുമാര്‍ സ്വാഗതം ആശംസിച്ചു.
കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ ആര്‍ ഉഷ, എ എം ഷിറാസ്, ആര്‍ ബാലനുണ്ണിത്താന്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി റ്റി റ്റി ജിസ്‌മോന്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം കണ്ണന്‍ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു. സംസ്ഥാന ചെയര്‍മാന്‍ ജി മോട്ടിലാല്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ബി ശശി വരവ്-ചെലവ് കണക്കും ആര്‍ കെ റഫീഖ് പ്രമേയങ്ങളും ജെ ഉദയന്‍ നന്ദിയും രേഖപ്പെടുത്തി ഭാരവാഹികളായി ജെ ഹരിദാസ് (പ്രസിഡന്റ്), ബിജു ബി, മിനി (വൈസ് പ്രസിഡന്റുമാര്‍), പി എസ് സന്തോഷ്‌കുമാര്‍(സെക്രട്ടറി), ആര്‍ കെ റഫീഖ്, അജയ സിംഹന്‍ എസ്(ജോയിന്റ് സെക്രട്ടറിമാര്‍) കെ കെ നാസര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."