ഭക്ഷണം കിട്ടാതെ അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്തതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തോട് മാപ്പ് പറയണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗം വിവാദമാക്കാന്‍ ശ്രമിക്കാതെ അദ്ദേഹം പറഞ്ഞതിലെ യാഥാര്‍ഥ്യം മനസിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കണക്കുകളുടെ സാങ്കേതികതയിലല്ല അട്ടപ്പാടിയിലെ യാഥാര്‍ഥ്യമാണ് പരിഗണിക്കേണ്ടത്. ഭക്ഷണം കിട്ടാതെ അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ടോ ഇല്ലയോ എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടത്.
കഴിഞ്ഞ ദിവസവും രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചിട്ടുണ്ട്. ഈ യാഥാര്‍ഥ്യം മനസിലാക്കാതെ രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രിയുടെ വാക്കുകളെ വളച്ചൊടിക്കുന്നത് ശരിയല്ല. അട്ടപ്പാടിയിലെ സ്ഥിതി ഭയാനകമാണെന്നതാണ് യാഥാര്‍ഥ്യം. ഭക്ഷണം കഴിക്കാത്തതാണ് അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണമെന്ന വിചിത്രന്യായം 2013 ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുണ്ട്. കൊടും പട്ടിണിയില്‍ കഴിയുന്നവര്‍ എവിടെ നിന്ന് ഭക്ഷണം കഴിക്കുമെന്ന് മുഖ്യമന്ത്രി പറയണം. ആദിവാസി അമ്മമാര്‍ മദ്യപിക്കുന്നതാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നതിന് കാരണമെന്ന് പറഞ്ഞത് സാംസ്‌കാരിക മന്ത്രി കെ.സി ജോസഫാണ്. സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഇത്രയും വിചിത്രമായ ന്യായം പറയുന്ന ഭരണാധികാരികളെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. ഗുജറാത്തില്‍ ഇന്നുവരെ പട്ടിണി മൂലം ഒരൂ കുഞ്ഞും മരിച്ചിട്ടില്ല.
കേരളത്തില്‍ തൂക്കുസഭ ഉണ്ടായാല്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ സഹകരിക്കുമോ എന്ന് വ്യക്തമാക്കാന്‍ ഇരു പാര്‍ട്ടികളും തയാറാകണം. ഇരു പാര്‍ട്ടികളുമായും സഹകരണം ഉണ്ടാകില്ലെന്ന് ബി.ജെ.പി ഇപ്പോഴേ പ്രഖ്യാപിക്കുകയാണ്. ഏതെങ്കിലും ഒരു മുന്നണിയോടുള്ള വിരോധമായിരുന്നു നാളിതുവരെ മലയാളിയുടെ വോട്ടായി മാറിയത്. ചരിത്രത്തില്‍ ആദ്യമായി കേരളം ക്രിയാത്മകമായി വോട്ടു ചെയ്യാന്‍ പോകുന്നത് ഈ തെരഞ്ഞെടുപ്പിലായിരിക്കുമെന്നും അമിത്ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."