ഡീസല്‍ ക്ഷാമം; കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ മുടങ്ങി
മാനന്തവാടി: ഡീസല്‍ ക്ഷാമം മൂലം കെ.എസ്.ആര്‍.ടി.സി മാനന്തവാടി സബ് ഡിപ്പോയില്‍ സര്‍വിസുകള്‍ ഭാഗികമായി മുടങ്ങി. തിങ്കളാഴ്ച രാത്രി 1000 ലിറ്റര്‍ ഡീസല്‍ മാത്രമാണ് ഡിപ്പോയില്‍ സ്റ്റോക്ക് ഉണ്ടായിരുന്നത്. ഇത് അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ക്ക് വേണ്ടി മാറ്റി വച്ചതായിരുന്നു. ഇത് തീര്‍ന്നതിനാല്‍ ഇന്നലെ രാവിലെയോടെ സര്‍വിസുകള്‍ മുടങ്ങിയത്.
ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന 20ഓളം സര്‍വിസുകളാണ് ഇന്നലെ മുടങ്ങിയത്. രാജധാനി, ടി.ടി തുടങ്ങിയ ദീര്‍ഘദൂര സര്‍വിസുകളും മാനന്തവാടി കുട്ട സര്‍വിസുകളും ഗ്രാമീണ സര്‍വിസുകളുമാണ് രാവിലെ മുടങ്ങിയത്. രാവിലെ ആരംഭിച്ച ഗ്രാമീണ സര്‍വിസുകള്‍ ആദ്യ ഷെഡ്യൂള്‍ പുര്‍ത്തിയാക്കിയതോടെ ഡീസല്‍ തീരുകയും സര്‍വീസ് നിര്‍ത്തിവെക്കുകയുമായിരുന്നു. പിന്നീട് പത്തു മണിയോടെ ഡീസല്‍ എത്തിച്ചാണ് സര്‍വിസുകള്‍ ഭാഗികമായി പുനരാരംഭിച്ചത്. 62 സര്‍വിസുകളാണ് മാനന്തവാടി ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിന് ആവശ്യമായ 9000 ലിറ്റര്‍ ഡീസല്‍ മാത്രമാണ് ഇന്നലെ എത്തിയത്. രാത്രിയില്‍ കൂടുതല്‍ ഡീസല്‍ എത്തിയില്ലെങ്കില്‍ ഇന്നും സര്‍വിസുകള്‍ റദ്ദാക്കേണ്ടി വരും. എന്നാല്‍ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ ഡിപ്പോകളില്‍ നിന്നുള്ള മുഴുവന്‍ സര്‍വിസുകളും ഇന്നലെ നടന്നു. ഡീസല്‍ ക്ഷാമമുണ്ടായിരുന്നെങ്കിലും ഞായറാഴ്ച രാത്രിയോടെ ഡീസല്‍ എത്തിക്കുകയായിരുന്നു. കല്‍പ്പറ്റ ഡിപ്പോയില്‍ ഡീസല്‍ ക്ഷാമ പ്രതിസന്ധി പരിഹരിച്ചതായും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."