അടുപ്പമാകാം....എന്നാല്‍ നിരത്തില്‍ '3 സെക്കന്റ് റൂള്‍' പാലിക്കൂ; സുരക്ഷാ നിര്‍ദ്ദേശവുമായി വീണ്ടും മോട്ടോര്‍ വാഹന വകുപ്പ്
ഡ്രൈവിംഗില്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി വീണ്ടും മോട്ടോര്‍ വാഹന വകുപ്പ്. ഫേസ് ബുക്ക് വഴിയാണ് എം.വി.ഡി നിര്‍ദ്ദേശങ്ങള്‍ പുറത്തു വിട്ടിരിക്കുന്നു.
എം.വി.ഡിയുടെ നിര്‍ദ്ദേശങ്ങള്‍ വായിക്കാം
അപ്രതീക്ഷിതമായത് നിരത്തില്‍ പ്രതീക്ഷിക്കുക എന്ന ഡിഫന്‍സീവ് ഡ്രൈവിംഗിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നത്. മുന്നിലുള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്കിട്ടാലും സുരക്ഷിതമായി വാഹനം നിര്‍ത്തുന്നതിനുള്ള അകലം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
നിരത്തുകളില്‍ '3 സെക്കന്റ് റൂള്‍' പാലിക്കുന്നത് നമ്മുടെ ഡ്രൈവിംഗ് കൂടുതല്‍ സുരക്ഷിതമാക്കുന്നു. മുന്നിലുള്ള വാഹനം റോഡിലുള്ള ഏതെങ്കിലും ഒരു പോയിന്റിനെ (റോഡിലുള്ള ഏതെങ്കിലും മാര്‍ക്കിംഗ് /റോഡരികിലുള്ള ഏതെങ്കിലും വസ്തു/സൈന്‍ ബോര്‍ഡ്/പോസ്റ്റ് തുടങ്ങിയവ) കടന്നു പോയതിനു ശേഷം കുറഞ്ഞത് 3 സെക്കന്റുകള്‍ക്കു ശേഷം മാത്രം നമ്മുടെ വാഹനം ആ പോയിന്റ് കടന്നു പോകുന്നത്ര അകലം പാലിക്കുന്നതാണ് 3 സെക്കന്റ് റൂള്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മഴക്കാലത്ത് ഇത് 4 സെക്കന്റെങ്കിലും ഉണ്ടായിരിക്കണം.
ടയറിന്റെ തേയ്മാനം, കാലാവസ്ഥ, വാഹനത്തിലെ ലോഡ്, റോഡിന്റെ കണ്ടീഷന്‍, ഇരുവാഹനങ്ങളുടെയും വേഗത, ഡ്രൈവര്‍ക്ക് തീരുമാനമെടുത്ത് നടപ്പിലാക്കാന്‍ വേണ്ടി വരുന്ന സമയം, ബ്രേക്കിംഗ് ക്ഷമത, വാഹനത്തിന്റെ സ്ഥിരത എന്നിങ്ങനെയുള്ള ഘടകങ്ങള്‍ കൂടി വിലയിരുത്തിയാകണം എത്രമാത്രം അകലം പാലിക്കണം എന്ന തീരുമാനം കൈക്കൊള്ളേണ്ടത്.
വേഗത കൂടുന്നതിനനുസരിച്ച് മുന്നിലുള്ള വാഹനത്തില്‍ നിന്നും കൂടുതല്‍ അകലം പാലിക്കേണ്ടതായി വരുന്നു.
പിന്നിലെ വാഹനം മതിയായ അകലം പാലിക്കുന്നില്ലായെങ്കില്‍, പിന്നില്‍ നിന്നുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനായി നമുക്ക് മുന്നില്‍ കൂടുതല്‍ അകലം പാലിക്കേണ്ടതുണ്ട്.
ഇതിലൂടെ മുന്നിലുള്ള വാഹനം സഡന്‍ ബ്രേക്കിടുന്ന പക്ഷം നമുക്ക് ബ്രേക്ക് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കുകയും ആയതിലൂടെ മുന്നിലും പിന്നിലും ഉണ്ടായേക്കാവുന്ന കൂട്ടിയിടി ഒഴിവാക്കാനും സാധിക്കുന്നു. ഇപ്രകാരം മറ്റ് റോഡുപയോക്താക്കളുടെ പ്രവൃത്തികള്‍ മുന്‍കൂട്ടി കണ്ട് സ്വയം സുരക്ഷിതരാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."