റാണി കായലിലെ നെല്‍കൃഷി വീണ്ടെടുപ്പിന് വകയിരുത്തിയത് 3.69 കോടി
കതിരണിയാന്‍ ഒരുങ്ങി റാണി കായല്‍
വി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് വിതയിറക്കും
ആലപ്പുഴ: കേരളത്തിന്റെ നെല്ലറയായ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ചരിത്രപരമായി സുപ്രധാനസ്ഥാനം വഹിച്ചിരുന്ന റാണി കായലില്‍ വീണ്ടും കൃഷിയുടെ തുടിതാളം ഉയരുന്നു. റാണി കായല്‍ ദീര്‍ഘകാലം നെല്ല് വിളഞ്ഞു നിന്നിരുന്ന പാടശേഖരമായിരുന്നു.
എന്നാല്‍ പിന്നീട് വിവിധ കാരണങ്ങളാല്‍ റാണി കായല്‍ തരിശായി മാറി. ഇവിടെ കൃഷി അസാധ്യമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ അതിനെയെല്ലാം മറിക്കടന്നാണ് റാണി കായല്‍ വീണ്ടും കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കി പൊന്നു വിളയിക്കുവാന്‍ തയാറെടുത്തു കഴിഞ്ഞിരിക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം ഇന്ന് റാണി കായല്‍ പുതുനാമ്പുകളേറ്റു വാങ്ങുകയാണ്. റാണി കായലിലെ 200 ഹെക്ടര്‍ പാടശേഖരത്തില്‍ വീണ്ടും നെല്‍ക്കൃഷിക്ക് തുടക്കം കുറിക്കുകയാണ്.
ഇന്ന് രാവിലെ 10 ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി അധ്യക്ഷത വഹിക്കും. റാണി കായല്‍ പാടശേഖരത്തിന്റെ ഒന്നാം മോട്ടോര്‍ തറയ്ക്ക് സമീപമാണ് ഉദ്ഘാടനം നടക്കുന്നത്. കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി നിലം ഒരുക്കല്‍, ചിറ കെട്ടല്‍, വൈദ്യുതീകരണം എന്നിവ എല്ലാം വളരെ വേഗത്തില്‍ പൂര്‍ത്തിയായത്. റാണി കായല്‍ സന്ദര്‍ശിച്ച മന്ത്രി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. 13 ാം ധനകാര്യകമ്മിഷന്‍ 3.69 കോടി രൂപയാണ് റാണി കായലിലെ നെല്‍ക്കൃഷി പുനരുദ്ധാരണത്തിനായി നീക്കിവെച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലാ കലക്ടര്‍ ചെയര്‍മാനും, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കണ്‍വീനറുമായുളള പ്രത്യേക കമ്മിറ്റിയാണ് സമയബന്ധിതമായി കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
ചരിത്രത്തിന്റെ വീണ്ടെടുപ്പിനുള്ള ആവേശത്തിലാണ് പാടശേഖരത്തിലെ കര്‍ഷകരും നാട്ടുകാരും. നെല്‍ക്കൃഷി നിലനിര്‍ത്തുക, നെല്‍പാടങ്ങള്‍ മറ്റു ആവശ്യങ്ങള്‍ക്കായി മാറ്റുന്നത് തടയുക തുടങ്ങി സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായാണ് റാണികായലില്‍ വീണ്ടും കൃഷി ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."