കാലിക്കറ്റ് വാഴ്സിറ്റി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്; ബാലറ്റില്‍ 'നോട്ട'യും
നിലമ്പൂര്‍: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ ഇന്ന് നടക്കുന്ന യൂനിയന്‍ തെരഞ്ഞെടുപ്പ് ബാലറ്റില്‍ ഇത്തവണ നോട്ടയും സ്ഥാനം പിടിച്ചു. ചരിത്രത്തിലാദ്യമാണ് വിദ്യാര്‍ഥികള്‍ക്ക് വോട്ട് ആര്‍ക്കും കൊടുക്കാതിരിക്കാനുള്ള നോട്ടയും ബാലറ്റ് പേപ്പറില്‍ തയാറാക്കിയിരിക്കുന്നത്.
നോട്ട ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കും യു.ജി.സി ജൂലൈ 14ന് ഉത്തരവ് നല്‍കിയിരുന്നുവെങ്കിലും എം.ജി സര്‍വകലാശാല ഉത്തരവ് നടപ്പാക്കാതെ തെരഞ്ഞെടുപ്പ് നടത്തി. തുടര്‍ന്ന് പൊതു തെരഞ്ഞെടുപ്പില്‍ ഉള്ളതുപോലെ നോട്ട കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിലും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ യു.ജി.സിക്കും യൂനിവേഴ്സിറ്റി വൈസ്ചാന്‍സലര്‍മാര്‍ക്കും നേരിട്ട് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ നോട്ട ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ബാലറ്റ്, വോട്ടിംഗ് യന്ത്രം എന്നിവയില്‍ നോട്ട ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. അടുത്ത മാസം നടക്കുന്ന കേരള യൂനിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിലും ബാലറ്റില്‍ നോട്ട ഉള്‍പ്പെടുത്തും.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള 260 ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളിലാണ് ഇന്ന് യൂനിയന്‍ തെരഞ്ഞെടുപ്പ് നടക്കുക. സ്വാശ്രയ കോളജുകള്‍ക്ക് പുറമെ 40 ഗവ. കോളജുകളിലും 60 എയ്ഡഡ് കോളജുകളിലുമാണ് തെരഞ്ഞെടുപ്പ്.
ഇതിനിടെ അത്താണിക്കല്‍ എം.ഐ.സി കോളജ്, കൂട്ടായി മൗലാന കോളജ്, വളയകുളം അസ്സബാഹ് കോളജ് ഉള്‍പ്പെടെ ചില കോളജുകളില്‍ വിദ്യാര്‍ഥികളുടെ പ്രശ്നത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചിട്ടുണ്ട്. ഭൂരിഭാഗം കോളജുകളിലും പാര്‍ലമെന്ററി രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."