കാരാപ്പുഴ പുറമ്പോക്ക് ഭൂമിയിലെ ആദിവാസി പുനരധിവാസം കടലാസിലൊതുങ്ങുന്നു
വാഴവറ്റ: കാരാപ്പുഴ പുറമ്പോക്കു ഭൂമിയില്‍ താമസിക്കുന്ന ആദിവാസികളുടെ പുനരധിവാസം എങ്ങുമെത്തിയില്ല. ഭൂമിയും വീടും നല്‍കുമെന്ന് അധികൃതര്‍ പറയുന്നുവെന്നല്ലാതെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. കാരാപ്പുഴ പദ്ധതി പ്രദേശത്തുനിന്നു രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നൂറോളം കുടുംബങ്ങളാണു പുറമ്പോക്കില്‍ ചെറിയ കുടിലുകളില്‍ താമസിക്കുന്നത്. ഈ കുടിലുകളാകട്ടെ മേല്‍ക്കൂരയിലെ പ്ലാസ്റ്റിക്കുകള്‍ ദ്രവിച്ചു ചുമരുകള്‍ അടര്‍ന്ന് ഏതു നിമിഷവും നിലംപൊത്താറായ അവസ്ഥയിലുമാണുള്ളത്.
ചീപ്രം കോളനിയില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെത്തി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ചില നിയമ പ്രശ്‌നങ്ങളാല്‍ അതും നിലച്ചമട്ടാണ്. ചീപ്രം കോളനിയില്‍ മീനങ്ങാടി ജനമൈത്രി പൊലിസിന്റെ ഇടപെടല്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണു ജനമൈത്രി പൊലിസ് കോളനിയില്‍ പഠന വീട് ആരംഭിച്ചത്. എന്നാല്‍ കാരാപ്പുഴ, നായിക്കൊല്ലി, മലങ്കര എന്നീ കോളനികളിലെ അവസ്ഥ ദയനീയമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടുന്ന ഈ കോളനികളിലേക്ക് അധികൃതര്‍ തിരിഞ്ഞുനോക്കാറില്ലെന്നു കോളനിക്കാര്‍ പറയുന്നു. രാഷ്ട്രീയക്കാരും മറ്റും കോളനിക്കാരെ വച്ചു മുതലെടുപ്പു രാഷ്ട്രീയം നടത്തുകയാണെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു.
നെല്ലാറച്ചാലില്‍ ഭൂമി നല്‍കുകയോ നിലവില്‍ താമസിക്കുന്ന ഭൂമി പതിച്ചുനല്‍കുകയോ ചെയ്യുമെന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ കോളനിക്കാരുടെ പുനരധിവാസം ഇപ്പോഴും കടലാസുകളില്‍ ഒതുങ്ങുകയാണെന്നു പ്രദേശവാസികൂടിയായ ജൈസണ്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."