റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ചീഫ് എന്‍ജിനീയറെ നിയമിക്കും
പൊതുമരാമത്ത് വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് വ്യാപകമാക്കും
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മാത്രമായി ഒരു ചീഫ് എന്‍ജിനീയറെ നിയമിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലൊരു നടപടി. റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 5000 കോടി രൂപ അടിയന്തരമായി ആവശ്യമുണ്ടെന്ന് ധനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. 40,000 കിലോമീറ്റര്‍ റോഡാണ് അറ്റകുറ്റപ്പണി ചെയ്യാനുള്ളത്. 30 വര്‍ഷമായി ഏറ്റവും അധികം അഴിമതി നടക്കുന്ന വകുപ്പാണ് പൊതുമരാമത്തെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ചുമാസത്തിനുള്ളില്‍ ഒരു എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഉള്‍പ്പെടെ 17 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. അഴിമതി തുടര്‍ന്നാല്‍ ചീഫ് എന്‍ജിനീയറായാലും സ്ഥാനത്തുണ്ടാവില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. അനുവദിക്കുന്ന തുകയുടെ 40-50 ശതമാനം തുക മാത്രമേ നിര്‍മാണങ്ങള്‍ക്കു വിനിയോഗിക്കുന്നുള്ളൂ. ബാക്കി തുകയില്‍ അഴിമതി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനുവാദമില്ലാതെ റോഡ് വെട്ടിപൊളിക്കുന്നത് ഇനി ഒരു കാരണവശാലും അനുവദിക്കില്ല.
ഇതിന് വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. റോഡ് മുറിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ സ്ഥലത്തുണ്ടായിരിക്കണമെന്ന കാര്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇലക്ട്രിക്കല്‍, സിവില്‍ വര്‍ക്കുകള്‍ ഒരുമിച്ച് ചെയ്യണം. എം.എല്‍.എമാര്‍ക്ക് മണ്ഡലങ്ങളിലെ നിര്‍മാണ പ്രവര്‍ത്തികളില്‍ അപാകത കണ്ടാല്‍ ഇടപെടാം. അതില്‍ തടസങ്ങളില്ല. അതിനായി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം 387.90 കോടി രൂപയും ദേശീയപാതകളുടെ വികസനത്തിന് 525 ലക്ഷംരൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ അതിര്‍ത്തി പങ്കിടുന്ന ഇന്റര്‍ ഡിസ്ട്രിക്ട് റോഡുകളുടെ കാര്യം പ്രത്യേകം പരിഗണിക്കും. ശുദ്ധീകരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, ജിയോടെക്‌സ്, കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണം സംസ്ഥാന വ്യാപകമാക്കും. പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന-ജില്ലാ- മണ്ഡലതലങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കും. ആലപ്പുഴയില്‍ ഓഡിറ്റിങ് വിജയകരമായിരുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡ് പുനസംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."