കാസര്‍കോട് ഹാര്‍ബറും പുലിമുട്ടും സന്ദര്‍ശിച്ചു മണല്‍ നീക്കാന്‍ അടിയന്തിര നടപടിയെന്നു ഫിഷറിസ് മന്ത്രി
കാസര്‍കോട്: ഹാര്‍ബറിലെ മണല്‍ നീക്കി കടലിലേക്കും തിരിച്ചുമുള്ള മത്സ്യബന്ധനയാനങ്ങളുടെ സഞ്ചാരം സുഗമമാക്കാനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാവുമെന്നു ഫിഷറിസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. പണി പൂര്‍ത്തിയായിട്ടും അശാസ്ത്രീയത കാരണം തുറക്കാനാവാത്ത കാസര്‍കോട് കടപ്പുറത്തെ ഹാര്‍ബറും തുറമുഖവും സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി മെഴ്‌സിക്കുട്ടിയമ്മ.
പുലിമുട്ടുകള്‍ക്കിടയിലെ മണല്‍ നീക്കം ചെയ്താല്‍ മത്സ്യബന്ധനയാനങ്ങള്‍ക്കു യാത്ര സുഗമമാവുമെന്നു ഫിഷറിസ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു. ഇതിനായി വിളിച്ച 50 ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. നിലവില്‍ വടക്കെ പുലിമുട്ടിന് 570 മീറ്ററും തെക്കെ പുലിമുട്ടിന് 660 മീറ്ററുമാണ് നീളം.
പുലിമുട്ടിന്റെ നീളവും വീതിയും കൂട്ടണമെന്ന മത്സ്യതൊഴിലാളികളുടെ ആവശ്യത്തില്‍ പഠനം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ഫിഷറിസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. പുലിമുട്ടിനു നീളം കൂട്ടുന്നതിനു സാവകാശം വേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു. മത്സ്യതൊഴിലാളികള്‍ക്കു ഗുണകരമാവുന്ന രീതിയില്‍ പുലിമുട്ടിന്റെ പുതുക്കി പണിയല്‍ ഉണ്ടാവുമെന്നു മന്ത്രി സ്ഥലത്തെത്തിയ മത്സ്യതൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി.
കെ കുഞ്ഞിരാമന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, ഫിഷറിസ് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പമാണു മന്ത്രി കാസര്‍കോട് ഹാര്‍ബറും പുലിമുട്ടും സന്ദര്‍ശിച്ചത്.
അശാസ്ത്രീയമായി നിര്‍മിച്ച പുലിമുട്ടുകാരണം മത്സ്യബന്ധന തോണികളും ബോട്ടുകളും കടലില്‍ അപകടപ്പെടുന്നതും തീരത്ത് അടുപ്പിക്കാന്‍ കഴിയാത്തതുമായ സാഹചര്യമാണുള്ളത്. ഇതിനാല്‍ ഹാര്‍ബര്‍ ഉപയോഗ്യശൂന്യമായി കിടക്കുകയാണ്.
മത്സ്യത്തൊഴിലാളികള്‍ ഇക്കാര്യത്തില്‍ പ്രതിഷേധിക്കുന്നതിനിടയിലാണു മന്ത്രി ഇന്നലെ രാവിലെ ഹാര്‍ബര്‍ സന്ദര്‍ശിച്ചത്. കീഴൂര്‍ ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്ര കമ്മിറ്റിക്കു കീഴില്‍ രൂപം കൊണ്ട കാസര്‍കോട് കസബ കര്‍മ്മ സമിതിയും മന്ത്രിയെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ചു നിവേദനം നല്‍കിയിരുന്നു.
നേരത്തെ തുറമുഖം ഉദ്ഘാടനത്തിനൊരുക്കിയെങ്കിലും മത്സ്യതൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയിരുന്നു.
ഉദ്ഘാടനത്തിനെത്തിയിരുന്ന മന്ത്രി കെ ബാബുവിനെ നാട്ടുകാര്‍ തടഞ്ഞു മടക്കി അയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."