താളിയോലയും നാരായവും അന്യംനിന്നു; കരിമ്പനകളും പടിയിറങ്ങുന്നു
നെയ്യാറ്റിന്‍കര: രാജഭരണകാലത്ത് ഇതിഹാസങ്ങള്‍ രചിച്ച പനയോലയും നാരായവും ഒപ്പം കരിപ്പുകട്ടിയും പനംകല്‍കണ്ടും പനംപട്ടയുമെല്ലാം തെക്കന്‍ കേരളത്തില്‍ നിന്നും ഏറെക്കുറെ പടിയിറങ്ങി. ഈ രംഗത്തെ തൊഴിലാളികള്‍ മറ്റ് രംഗങ്ങളിലെ തൊഴിലുകള്‍ തേടി വിദേശങ്ങളില്‍ ചേക്കേറി. കരിമ്പന തെക്കന്‍ കേരളത്തില്‍ അപൂര്‍വ കാഴ്ചയായി മാറി.
ഇന്ത്യയുടെ പുരാതന കാലങ്ങളില്‍ വേദങ്ങളും ഇതിഹാസങ്ങളുമെല്ലാം എഴുതപ്പെട്ടിരുന്നത് പനയോല (താളിയോല) കളിലായിരുന്നു. പനയോല പ്രത്യേക രീതിയില്‍ വെട്ടിയെടുത്ത് ഉരുക്ക് ദണ്ഡില്‍ നിര്‍മ്മിച്ച നാരായം ഉപയോഗിച്ച് എഴുതിയ ചരിത്രരേഖകള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു കേടുപാടുമില്ലാതെ അവശേഷിക്കുന്നു. ആയുര്‍വേദത്തില്‍ പരമപ്രധാനമായ സ്ഥാനമാണ് കരിപ്പുകട്ടിയ്ക്കും പനം കല്‍കണ്ടിനുമുളളത്. കാന്‍സര്‍, കരള്‍വീക്കം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ അകറ്റാന്‍ ആയുര്‍വേദ ഔഷധങ്ങളില്‍ ഇവ പ്രധാനമായി ഉപയോഗിച്ചു വരുന്നു. തൊഴിലാളികളുടെ അഭാവം, കഠിന പ്രയത്‌നം തുടങ്ങിയ കാരണങ്ങളാല്‍ തെക്കന്‍ കേരളത്തില്‍ പനകയറാനും ഉല്‍പന്നങ്ങള്‍ ശേഖരിക്കാനും ആളെ കിട്ടാതെ വന്നു. അതേ തുടര്‍ന്ന് പനമരങ്ങളില്‍നിന്നുളള വരുമാനം നിലച്ചതോടെ ഇവ വ്യാപകമായി വെട്ടിമാറ്റപ്പെട്ടു. പന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ഡിമാന്റ് കുറഞ്ഞതും നിര്‍മാണ ചിലവ് കൂടിയതും പനമരങ്ങളുടെ കൂട്ടനാശത്തിന് ഇടയാക്കി.
പന വ്യവസായ തൊഴിലാളികള്‍ക്ക് വേണ്ടി കെല്‍പ്പാം എന്ന സ്ഥാപനം കേരള ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് പാറശാലയിലെ കൊറ്റാമം എന്ന സ്ഥലത്താണ്. ഈ സ്ഥാപനത്തിനാകട്ടെ പന നടുകയോ സംരക്ഷിക്കുകയോ ചെയ്യുന്നതിന്റെ ഉത്തരവാദിത്തവുമില്ല. പനവ്യവസായം അന്യം നിന്നു പോയതോടെ കെല്‍പ്പാം കോളക്കച്ചവടത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. പനയില്‍നിന്ന് അക്കാനി ശേഖരിക്കാന്‍ ഒരു തൊഴിലാളിയ്ക്ക് ദിവസം രണ്ട് നേരം പനമരത്തില്‍ കയറേണ്ടി വരുന്നത് ദുഷ്‌കരമായതിനാല്‍ പുതിയ തലമുറയെ ഇതില്‍ നിന്ന് മുഖം തിരിച്ചു.
കേരളത്തില്‍ പനകള്‍ ഇപ്പോള്‍ ധാരാളമായി കാണപ്പെടുന്നത് പാലക്കാട് ജില്ലയില്‍ മാത്രമാണ്. പനമരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ യാതൊരു നടപടിയും ഇവിടനിലവിലില്ല. ചരിത്രത്തിന്റെ ഈ കല്‍പ്പവൃക്ഷം മലയാളിയില്‍ നിന്ന് അകലാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."