2000 രൂപയുടെ കറന്‍സി നോട്ടുമായി റിസര്‍വ് ബാങ്ക്
മുബൈ: 2000 രൂപയുടെ കറന്‍സി നോട്ട് പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് 2000 രൂപാ നോട്ട് പുറത്തിറക്കുന്നതെന്നാണ് സൂചന.
കള്ളപ്പണം പൂഴ്ത്തിവയ്ക്കുന്നതു തടയാനും വ്യാപകമായി പ്രചരിക്കുന്ന കള്ളനോട്ടുകളുടെ വിനിമയം കമ്പോളത്തില്‍ നിന്നു പരിപൂര്‍ണ്ണമായി ഇല്ലാതാക്കാനുമായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ചിലയിടങ്ങളില്‍ നിന്ന് ഉയരുമ്പോഴാണ്, കൂടുതല്‍ മൂല്യത്തിന്റെ കറന്‍സി അച്ചടിക്കാനുള്ള നീക്കവുമായി റിസര്‍വ് ബാങ്ക് മുന്നോട്ടുവരുന്നത്.
മുമ്പ് അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ വ്യാജനോട്ടുകള്‍ വ്യപകമായതോടെ അത് രണ്ടും പിന്‍വലിക്കുകയാണുണ്ടായത്.
കള്ളപ്പണം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈയിടെ ആയിരത്തിന്റെയും അഞ്ഞറിന്റെയും ചില നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമം പരിഹരിക്കുക കൂടിയാണ് 2000 രൂപയുടെ കറന്‍സി പുറത്തിറക്കുന്നതിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നോട്ടുകളുടെ ആദ്യ ഘട്ട പ്രിന്റിംഗ് മൈസൂരിലെ പ്രിന്റിംഗ് കേന്ദ്രത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണെന്നും ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
എന്നാല്‍ ഈ നോട്ടുകള്‍ക്കായുള്ള ആവശ്യം വളരെ ഉയര്‍ന്നതാകുമെന്നതിനാല്‍ മൂന്നോ നാലോ മാസംകൊണ്ടേ ഇത് രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരുകയുള്ളൂ. അതേസമയം 2000 രൂപാ നോട്ട് പുറത്തിറക്കുന്ന റിപ്പോര്‍ട്ടുകളോട് കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേന്ദ്ര സര്‍ക്കാരാണ് റിസര്‍വ് ബാങ്കിന്റെ ഉപദേശമനുസരിച്ച് കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്. എന്നാല്‍, നോട്ടിന്റെ രൂപഘടനയുടെ കാര്യത്തിലും സുരക്ഷാകാര്യത്തിലും ഏതൊക്കെ നോട്ടുകള്‍ വേണമെന്നതിനുമുള്ള അന്തിമമായ തീരുമാനം എടുക്കുന്നത് റിസര്‍വ് ബാങ്കാണ്.
രണ്ടായിരം രൂപ മുഖവിലയുള്ള കറന്‍സി നോട്ടുകള്‍ ഇനി ഫാന്‍സിക്കടകളിലെ അലങ്കാരമല്ല. ഈ മൂല്യത്തിന്റെ പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പൂര്‍ത്തീകരിച്ചതായി ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറന്‍സി അച്ചടിക്കുന്നതിനുള്ള ചെലവു കുറയ്ക്കാനും കറന്‍സി ക്ഷാമം ഈ നീക്കം ഉപകരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ആര്‍ബിഐ ഇതിനുമുമ്പു പുറത്തിറക്കിയ ഏറ്റവും മൂല്യമേറിയ കറന്‍സി പതിനായിരം രൂപയുടേതായിരുന്നു. ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പ് 1938ലായിരുന്നു 10000ന്റെ കറന്‍സി ആദ്യമായി പുറത്തിറക്കുന്നത്.
എന്നാല്‍ 1946ല്‍ തന്നെ ഇതു പിന്‍വലിച്ചു. സ്വതന്ത്ര ഇന്ത്യ 1954ല്‍ പതിനായിരത്തിന്റെ കറന്‍സി നോട്ട് വീണ്ടും പുറത്തിറക്കിയെങ്കിലും അടിയന്തരാവസ്ഥയ്ക്കു ശേഷം നിലവില്‍ വന്ന മൊറാര്‍ജി ദേശായി നേതൃത്വം നല്‍കിയ ജനതാ പാര്‍ട്ടിയുടെ ഗവണ്‍മെന്റ് 1978ല്‍ ഈ കറന്‍സിയും പിന്‍വലിച്ചു.
മാര്‍ച്ച് 2016ല്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്കനുസരിച്ച് 16,41,500 ലക്ഷം കോടി രൂപയുടെ ബാങ്ക് നോട്ടുകളാണ് ഇന്ത്യയില്‍ സര്‍ക്കുലേഷനിലുള്ളത്.
തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14.9% വര്‍ധനയാണിത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാത്രമാണ് സര്‍ക്കുലേഷനിലുള്ള കറന്‍സിയുടെ 86.4 ശതമാനവും.
പണവിനിമയങ്ങളേക്കാള്‍ മറ്റ് വിനിമയ ഉപാധികള്‍ വളരുന്നതിനിടയിലും 2015-16 കാലയളവില്‍ ബാങ്ക് നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കുമുള്ള ആവശ്യം ഉയര്‍ന്നുതന്നെയെന്നാണ് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ആയിരം രൂപയുടെ ഒരു നോട്ട് അച്ചടിക്കുന്നതിന് മൂന്നുരൂപയിലേറെ ചെലവു വരുന്നുണ്ട്. കറന്‍സിയുടെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ അച്ചടിച്ചെലവ് ആയിരത്തിന്റെ നോട്ടിനു തന്നെയാണ്.
ചെറുമൂല്യങ്ങളിലുള്ള കറന്‍സികളുടെ പ്രിന്റിങ് ചെലവ് താരതമ്യേന ഉയര്‍ന്നതാണ്. നിലവില്‍ 10 രൂപ മുതല്‍ 1000 രൂപവരെ 6 തരം നോട്ടുകളാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."