വൃദ്ധസദനങ്ങളിലെ ജീവിതം ദുരിതമയം
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പഠനത്തില്‍ കേരളത്തിലെ ജനസംഖ്യാവര്‍ധനവിനേക്കാള്‍ കൂടുതലാണു വയോധികരുടെ നിരക്കെന്നു കണ്ടെത്തിയിട്ടുണ്ട്. 2020 ആകുമ്പോള്‍ കേരളത്തിലെ വയോധികരുടെ ജനസംഖ്യ 20 ശതമാനം വര്‍ധിക്കും. വാര്‍ഷിക ജനസംഖ്യാവര്‍ധനിരക്ക് ഒരു ശതമാനമാണെങ്കില്‍ 3.5 ശതമാനമാണു സംസ്ഥാനത്തെ വയോധികരുടെ ജനസംഖ്യാവര്‍ധനവ്.
അറുപതു വയസിനുമേല്‍ പ്രായമുള്ള കേരളീയരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. 1950ല്‍ സംസ്ഥാനത്തു 19 വൃദ്ധസദനങ്ങളാണുണ്ടായിരുന്നത്. ഇന്നത് 134 എണ്ണമായി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങളുള്ളത്. 31 കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. എറണാകുളം-27, തൃശൂര്‍-25, കണ്ണൂര്‍-13, തിരുവനന്തപുരം-10, പത്തനംതിട്ട-ഒന്‍പത്, കാസര്‍കോട്-ഒന്ന്, മലപ്പുറം-ഒന്ന് എന്നിങ്ങനെയാണു മറ്റു കണക്കുകള്‍.
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തില്‍ കൂടുതല്‍പ്പേര്‍ 60 വയസിനുമേല്‍ പ്രായമുള്ളവരാണ്. ദേശീയതലത്തില്‍ ഇത് ഏഴുശതമാനവും. ജനസംഖ്യാവളര്‍ച്ച നിലയ്ക്കുന്ന സീറോ പോപ്പുലേഷനിലേക്കു കേരളം വളരുമ്പോള്‍ വയോധികരുടെ പരിചരണത്തില്‍ വളരെയേറെ ശ്രദ്ധപതിപ്പിക്കണം.
വാര്‍ധക്യകാലത്തു നേരിടുന്ന ഏകാന്തത പലപ്പോഴും വിഷാദരോഗത്തിലേയ്ക്കു നയിക്കുന്നു. ഇതുമൂലം വയോധികരുടെ ആത്മഹത്യ വര്‍ധിക്കുന്നു. വര്‍ഷങ്ങളോളം ഭാര്യയും മക്കളുമൊത്തു സുഖവും ദുഖവും പങ്കിട്ടു ഒരുമയോടെ കഴിഞ്ഞവര്‍ക്കു പലപ്പോഴും പങ്കാളിയുടെ വേര്‍പാടാണു സഹിക്കാന്‍ കഴിയാത്തത്. അടുത്തകാലത്തു തിരുവനന്തപുരത്ത് ഒരു വയോധിക ഭര്‍ത്താവിന്റെ ചിതയില്‍ച്ചാടി ആത്മഹത്യചെയ്ത സംഭവമുണ്ടായി.
തൃശൂരിലെ മാളയില്‍ വയോധികദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായി. ഒറ്റയ്ക്കുള്ള ജീവിതവും ഇടയ്ക്കിടെയുണ്ടാകുന്ന അസുഖങ്ങളുമായിരുന്നു ആത്മഹത്യക്കുള്ള കാരണം. മക്കളുണ്ടെങ്കിലും ഇവര്‍ രണ്ടുപേരും മാത്രമാണ് ഒരു വീട്ടില്‍ താമസിച്ചിരുന്നത്. അടുത്തബന്ധുക്കളുടെ വിയോഗവും ഒറ്റപ്പെടലും അനാരോഗ്യവും സാമ്പത്തികബുദ്ധിമുട്ടും വയോധികരുടെ ആത്മഹത്യക്കും വിഷാദരോഗത്തിനും കാരണമാകുന്നുവെന്നു വിദഗ്ധര്‍ പറയുന്നു.
ജോലിതേടി നാടുവിട്ടു പോകുന്ന മക്കള്‍ക്കു വയോധികരായ മാതാപിതാക്കളുടെ സംരക്ഷണം പലപ്പോഴും പ്രശ്‌നമാവുന്നു. ഇതിനു പരിഹാരമായാണു മക്കള്‍ വൃദ്ധസദനങ്ങള്‍ തേടിപ്പോകുന്നത്. എന്നാല്‍, വൃദ്ധസദനങ്ങളില്‍ സന്തോഷത്തോടെ കഴിയാന്‍ മാതാപിതാക്കാവില്ല. മക്കളോടും ചെറുമക്കളോടുമൊപ്പം ജീവിയ്ക്കാനാണു അവരാഗ്രഹിക്കുന്നത്. കാലങ്ങളായി താമസിച്ചുവരുന്ന വീട്ടില്‍ നിന്നുള്ള പറിച്ചുനടല്‍ മനസ്സില്‍ വലിയ മുറിപ്പാടാണു സൃഷ്ടിക്കുന്നത്.
മക്കള്‍ അകലെയായാലും വീടുവിട്ടു പോകാന്‍ ആരും ഇഷ്ടപ്പെടില്ല. പരിചരണത്തിനു ആളെ നിര്‍ത്തിയാലും വല്ലപ്പോഴുമുള്ള മക്കളുടെ സന്ദര്‍ശനംപോലും അവരെ സന്തോഷിപ്പിക്കും. ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്നു മകന്റേയോ മകളുടേയോ സൗകര്യാര്‍ഥം നഗരത്തിലെ ഫ്‌ളാറ്റിന്റെ ചട്ടക്കൂടിലേയ്ക്കു പറിച്ചുനടപ്പെടുന്നവരുടെ ദു:ഖം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
കൂണുപോലെ മുളച്ചുപൊന്തുന്ന വൃദ്ധസദനങ്ങള്‍ വയോജനങ്ങളുടെ ജീവിതദുരിതം തുടരുന്നതിനു തെളിവാണ്. ഇവയുടെ പ്രവര്‍ത്തനം പരിശോധിക്കാനോ വിലയിരുത്താനോ സംവിധാനങ്ങളൊന്നുമില്ല. ഇന്ത്യയൊഴിച്ചുള്ള മറ്റു രാജ്യങ്ങളിലെ വൃദ്ധസദനങ്ങളെ നഴ്‌സിങ് ഹോമുകള്‍ അഥവാ കെയര്‍ ഹോമുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
അവിടെ താമസവും ഭക്ഷണവും മാത്രമല്ല കൗണ്‍സലിങ്ങും മുടങ്ങാതെ നടക്കുന്നു. പരിചരണത്തിനു നഴ്‌സുമാരും കെയര്‍ ടേക്കര്‍മാരുമുണ്ട്. ആരോഗ്യനില പരിശോധിയ്ക്കാനും ചികിത്സിക്കാനും ഡോക്ടര്‍മാരുണ്ട്. എല്ലാം പ്രവര്‍ത്തനവും പ്രത്യേക നിയമത്തിന്റെ ചട്ടക്കൂടിലുമാണ്. ഇവിടെയാകട്ടെ വ്യക്തമായ നിയമംപോലും പ്രാബല്യത്തിലില്ല. പ്രഖ്യാപനങ്ങള്‍ക്കു കുറവുമില്ലതാനും.
കേരളത്തില്‍ കൂട്ടുകുടുംബ വ്യവസ്ഥിതി തകര്‍ന്നതു വയോജനങ്ങളുടെ ദുര്‍വിധിയായി. കുടുംബത്തിലെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ മറ്റു സ്ഥലങ്ങളിലും അന്യരാജ്യങ്ങളിലും ജോലിതേടിപ്പോകാന്‍ തുടങ്ങിയതും പ്രശ്‌നമായി. ഇതുമൂലം വൃദ്ധജനങ്ങളുടെ പരിചരണമാണു താറുമാറായത്.
വയോധികരുടെ ജനസംഖ്യ വര്‍ധിച്ചതോടെ അവരുടെ ക്ഷേമകാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങാവിഷ്‌ക്കരിക്കാന്‍ 1990 ലാണു ലോകരാഷ്ട്രങ്ങള്‍ ശ്രമം ആരംഭിച്ചത്. 2002ല്‍ വയോജനങ്ങള്‍ക്കായി മാഡ്രിഡില്‍ നടന്ന അന്താരാഷ്ട്രസമ്മേളത്തിലൂടെ വൃദ്ധജനക്ഷേമം സംബന്ധിച്ച രൂപരേഖ അംഗരാജ്യങ്ങള്‍ക്കായി ഐക്യരാഷ്ട്രസംഘടന നല്‍കി. വികസിതരാജ്യങ്ങളേക്കാള്‍ വികസ്വര രാജ്യങ്ങളിലാണു വൃദ്ധജനസംഖ്യയില്‍ ഗണ്യമായ വര്‍ധനവുണ്ടായതെന്നു കണ്ടെത്തി.
ലോകത്തിലെ മൂന്നില്‍രണ്ടു ഭാഗം വൃദ്ധജനസംഖ്യയും വികസ്വര രാജ്യങ്ങളിലാണ്. ഇപ്പോഴത്തെ ആഗോളജനസംഖ്യയില്‍ 810 ദശലക്ഷം (81 കോടി) ആളുകള്‍ക്ക് 80 വയസ് പിന്നിട്ടു. 2050ല്‍ ഇത് അഞ്ചിരട്ടിയിലേറെയാകും. അക്കാലത്തെ ലോകജനസംഖ്യയുടെ 20 ശതമാനവും വാര്‍ധക്യത്തിലെത്തിയവരാകുമെന്നാണു പഠനങ്ങള്‍ നല്‍കുന്ന സൂചന. ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ ഈ വര്‍ധനവ് ആഹ്ലാദത്തേക്കാള്‍ ആശങ്കകളാണുയര്‍ത്തുന്നത്.
നമ്മുടെ രാജ്യത്തെ ജനസംഖ്യാനിരക്ക് ഓരോ സെന്‍സസ് കഴിയുമ്പോഴും ഗണ്യമായി കുറയുന്നതും മറ്റൊരു സവിശേഷതയാണ്. കേരളം ഇക്കാര്യത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്നു. 2021ലെ സെന്‍സസ് പ്രകാരം ജനസംഖ്യാനിരക്കു സൂചിക താഴേയ്ക്കു പോകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. 1971 നു ശേഷം നടന്ന ഓരോ സെന്‍സസ് വര്‍ഷത്തിലും ജനസംഖ്യാ നിരക്കില്‍ അഞ്ചുശതമാനം സ്ഥിരമായ കുറവാണു സംസ്ഥാനത്തു രേഖപ്പെടുത്തുന്നത്.
2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ 12 താലൂക്കുകളില്‍ ജനസംഖ്യാവളര്‍ച്ചാനിരക്കു പൂജ്യത്തിലുംതാഴെയാണ്. ചെങ്ങന്നൂര്‍, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ആലപ്പുഴ, അടൂര്‍, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, തിരുവല്ല, പത്തനാപുരം എന്നിവിടങ്ങളിലാണിത്. ജനിരക്കു താഴേക്കുപോവുകയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയുംചെയ്തു. 2061 ആകുമ്പോള്‍ വയോജനങ്ങള്‍ ഏറ്റവുമധികം അധിവസിക്കുന്ന സംസ്ഥാനമായി കേരളം മാറും. വയോധികരെ വൃദ്ധസദനങ്ങളില്‍ തള്ളുന്ന മക്കളുടെയും മരുമക്കളുടെയും ചെറുമക്കളുടെയും എണ്ണവും അനുദിനം വര്‍ധിച്ചുവരുന്നു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."