രോഗക്കിടക്കയിലായ ഉണ്ണിക്കുട്ടനും കുടുംബത്തിനും വേണം സുമനസുകളുടെ കനിവ്
കരിങ്കല്ലത്താണി: കൗമാര യൗവന കാലങ്ങളൊക്കെ രോഗക്കിടക്കയിലാകാന്‍ വിധിക്കപ്പെട്ട ആദിവാസി ബാലന്‍ സുമനസുകളുടെ കനിവു തേടുന്നു. താഴെക്കോട് ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ അത്തിക്കല്‍ മുള്ളംമട ആദിവാസി കോളനിയിലെ പരേതനായ ചാത്തന്റെ ഏകമകന്‍ ഉണ്ണിക്കുട്ടന്‍(12) ആണ് അഞ്ചു വര്‍ഷത്തോളമായി രോഗശയ്യാവലംബനായി ദുരിതമനുഭവിക്കുന്നത്. പ്രാഥമിക കര്‍മങ്ങള്‍ പോലും നിര്‍വഹിക്കാനാവാത്ത അവസ്ഥയാണെങ്കിലും ഉണ്ണിക്കുട്ടനു പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ല.
സ്വന്തം കാര്യങ്ങള്‍ പരസഹായമില്ലാതെ നടത്താനുള്ള അവസ്ഥ, കയറിക്കിടക്കാനൊരു സുരക്ഷിതമായ വീട്, സ്‌കൂളില്‍ പോകാനുള്ള സൗകര്യം, മുത്തശിയുടെ കണ്ണീരിനൊരു ശമനം. സ്‌നേഹ സമ്പന്നരായ ആരെങ്കിലുമൊക്കെ തങ്ങളെ സഹായിക്കാതിരിക്കില്ല എന്ന ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമാണു വിധിതളര്‍ത്തിയ ശരീരവുമായി ഈ ബാലന്‍ ജീവിതം തള്ളിനീക്കുന്നത്.
ഒന്നാംതരം മുതല്‍ പഠനത്തില്‍ ഏറെ മികവു പുലര്‍ത്തിയിരുന്ന ഉണ്ണിക്കുട്ടന് അറിവിന്റെ വെളിച്ചം നുകര്‍ന്ന് അധ്യാപകനാകണം എന്നതായിരുന്നു മോഹം. എന്നാല്‍, ജീവിതത്തിന്റെ ഇടയ്ക്കു വിധിയൊരുക്കിയ വൈകല്യം തന്റെ മുഴുവന്‍ സ്വപ്നങ്ങളേയും തകര്‍ത്തെറിഞ്ഞു. നന്നേ ചെറുപ്പത്തിലെ പോളിയോ ബാധിച്ചിരുന്നുവെങ്കിലും ഉണ്ണിക്കുട്ടനു കഷ്ടിച്ചു നടക്കാന്‍ കഴിയുമായിരുന്നു. അമ്മിനിക്കാട് സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്കു നടന്നുപോയിരുന്നു. സ്‌കൂള്‍ വിട്ടുപോരുമ്പോള്‍ ഉണ്ടായ വീഴ്ച്ചയില്‍ കാലിന്റെ എല്ലു പൊട്ടി.
ശസ്ത്രക്രിയ നടത്തിയെങ്കിലും ചലനശേഷി നഷ്ടമായതോടെ പഠനം മുടങ്ങി. ഇപ്പോള്‍ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ചക്ര കസേരയില്‍ പുസ്തകങ്ങള്‍ സ്വപ്നം കണ്ടിരിക്കുകയാണ് ഈ 12 വയസുകാരന്‍. കാലില്‍ എല്ലു പൊട്ടിയ ഭാഗത്ത് ഇപ്പോഴും വേദനയും നീരും ഉണ്ട്.
കാലുകള്‍ മടക്കാനോ, എഴുന്നേറ്റു നില്‍ക്കാനോ കഴിയാതെ വര്‍ഷങ്ങളോളം ഈ ബാലന്‍ രോഗശയ്യയില്‍ തളച്ചിടപ്പെട്ടിട്ടു പിതാവ് ചാത്തന്‍ കൂലിപ്പണി ചെയ്താണു ചികില്‍സ നടത്തിയിരുന്നത്. എന്നാല്‍, വിധിയുടെ ക്രൂരമായ വിളയാട്ടത്തില്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പിതാവിനെയും ഉണ്ണിക്കുട്ടനു നഷ്ടമായി. ഇതോടെ അമ്മ ലക്ഷ്മിയും ഉപേക്ഷിച്ചു പോയതോടെ പിന്നീടു വല്ല്യമ്മ ശാന്തയുടെ സംരക്ഷണത്തിലായി ജീവിതം. ഇവര്‍ക്കു കൂലിവേല ചെയ്തും വിവിധ പെന്‍ഷനുകളിലൂടെയും മറ്റും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണ് ഇപ്പോള്‍ ജീവിതം നയിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പു പഞ്ചായത്ത് അനുവദിച്ച വീട്ടിലാണു താമസം. ഇതിന്റെ അവസ്ഥയും മറിച്ചല്ല. തുടര്‍ ചികില്‍സ ചെയ്താല്‍ ഉണ്ണിക്കുട്ടന്റെ വൈകല്യം ഇല്ലാതാക്കാന്‍ കഴിയുമെന്നു പ്രതീക്ഷയുണ്ടെങ്കിലും അതിനുള്ള മാര്‍ഗമില്ലാതെ വിഷമിക്കുകയാണുകുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."