ദുരിതം വിട്ടൊഴിയാതെ ഗോവിന്ദന്‍പാറ കോളനി
മേപ്പാടി: മണികുന്ന് മലയടിവാരത്തെ തൃക്കൈപ്പറ്റ ഗോവിന്ദന്‍പാറ ആദിവാസി കോളനിയില്‍ ദുരിതം വിട്ടൊഴിയുന്നില്ല. ചികിത്സ ലഭിക്കാതെ വേദനയോട് മല്ലിട്ട് കഴിയുകയാണ് വൃദ്ധയായ ചെണ്ണ (80). വിവിധ രോഗങ്ങള്‍ കാരണം ചെണ്ണ കിടപ്പിലായിട്ട് മാസങ്ങളായി. ചുണ്ടും കീഴ്താടിയും മുറിഞ്ഞിരിക്കുകയാണ്. അസുഖം എന്താണന്ന് പോലും ചെണ്ണക്ക് അറിയില്ല. യാതൊരു വിധ ചികിത്സയും ഇപ്പോഴില്ല. കോളനിയിലെ ഷെഡില്‍ എല്ലും തോലുമായ ശരീരവുമായി കഴിയുകയാണ് ഇവര്‍. ശരീരമാസകലം വേദനയാണ്. ആശുപത്രിയില്‍ പോകണമെന്നുണ്ട്. എന്നാല്‍ മലയിടുക്കുകളിലെ കോളനിയില്‍ നിന്നും ആര് ആശുപത്രിയില്‍ കൊണ്ട് പോകാനാണന്ന് ഇവര്‍ ചോദിക്കുന്നു. ഇതുപോലെ തന്നെയാണ് കിഡ്‌നി രോഗം ബാധിച്ച് ചികിത്സ കിട്ടാതെ കഴിയുന്ന ലീലയുടെ അവസ്ഥ. ലീലക്കും കാര്യമായ ഒരു ചികിത്സയും ലഭിക്കുന്നില്ല. പട്ടിക വര്‍ഗ വകുപ്പ് ഈ കോളനിയിലേക്ക് തിരിഞ്ഞു നോക്കുന്നില്ലന്ന് നേരത്തെ പരാതിയുണ്ട്. മേപ്പാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. വെള്ളിത്തോട് നിന്നും കുത്തനെ കയറ്റം കയറി ഒരു കിലോമീറ്ററോളം ഉള്ളിലാണ് ഗോവിന്ദന്‍പാറ കോളനി. സഞ്ചാര യോഗ്യമായ റോഡ് പോലും കോളനിക്കില്ല. പാറക്ക് മുകളിലൂടെയും ഉരുളന്‍ കല്ലുകള്‍ ചവിട്ടിയും വേണം കോളനിയിലേക്കെത്താന്‍. ഉള്‍പ്രദേശത്തെ കോളനിയില്‍ നിന്നും ഇവരെ മറ്റെവിടേക്കെങ്കിലും മാറ്റി പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
സമീപത്തെ കോളനിയായ വെങ്ങാച്ചോല കോളനിയില്‍ സമഗ്ര കോളനി വികസന പദ്ധതിയുടെ ഭാഗമായി നിരവധി വികസന പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഗോവിന്ദന്‍ പാറയില്‍ മാത്രം ഒരു വികസനവും എത്തിയിട്ടില്ല. അടച്ചുറപ്പുള്ള ഒരു വീട് പോലും ഇവിടെയില്ല. കെട്ടിമറച്ച ഷെഡുകളിലാണ് ഇരുപതോളം കുടുംബങ്ങള്‍ കഴിയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."