കുടിവെള്ളം: മുന്‍ കരുതല്‍ നടപടികള്‍ക്ക് ജില്ലാ വികസന സമിതി നിര്‍ദേശം
കൊച്ചി: രൂക്ഷമായ വേനല്‍ മുന്നില്‍ക്കണ്ട് കുടിവെള്ള പദ്ധതികള്‍ക്കും പരിപാടികള്‍ക്കും മുന്‍ഗണന നല്‍കാന്‍ ഇന്നലെ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
കനാലുകള്‍ വൃത്തിയാക്കുക, പൊട്ടിയ പൈപ്പുകള്‍ മാറ്റുക, പമ്പ് ഹൗസുകളുടെ അറ്റകുറ്റപ്പണി നടത്തുക, മോട്ടോറുകള്‍ മാറിവയ്ക്കുക തുടങ്ങി കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നു വാട്ടര്‍ അതോറിറ്റിയ്ക്കും കെ.എസ്.ഇ.ബിയ്ക്കും സമിതിയോഗം നിര്‍ദേശം നല്‍കി. യോഗത്തില്‍ എം.എല്‍.എമാരായ പിടി തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, വി.പി സജീന്ദ്രന്‍, കെ.ജെ മാക്‌സി, ഹൈബി ഈഡന്‍, റോജി എം.ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ്, ജില്ലാ ബാങ്ക് പ്രസിഡന്റ് വി.ജെ പൗലോസ്, അസി. കലക്ടര്‍ ഡോ. രേണു രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വിവിധ വകുപ്പു പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.കോതമംഗലം മുവാറ്റുപുഴ റോഡില്‍ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നു എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു.
പെരുമ്പാവൂര്‍ മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നയിടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കണം. കുടിവെള്ളത്തിനോ മറ്റാവശ്യങ്ങള്‍ക്കോ റോഡ് മുറിക്കുമ്പോള്‍ അക്കാര്യം പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കുക മാത്രമല്ല വകുപ്പുകള്‍ പരസ്പരം അറിഞ്ഞിരിക്കണമെന്ന് പി.ടി. തോമസ് എം എല്‍ എ നിര്‍ദേശിച്ചു.
ഇരുമ്പനത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധന അവിടെ നിന്നു മാറ്റുന്നതിന് യോജ്യമായി കണ്ടെത്തിയ സ്ഥലത്തിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടായാല്‍ അതിനു തയാറാണെന്ന് ആര്‍.ടി.ഒ പി. എച്ച് സാദിക്ക് അലി അറിയിച്ചു.
മുവാറ്റുപുഴ ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ യോഗത്തില്‍ എല്‍ദോ ഏബ്രഹാം ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി ലഭിച്ചു.
കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലസ്രോതസായ പാടശേഖരങ്ങള്‍ നികത്താന്‍ ഒരു കാരണവശാലും അനുവദിക്കരുതെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍ദേശിച്ചു. കനാലുകളിലും മാലിന്യ വാഹക നിര്‍ഗമനങ്ങളിലും നടത്തിയിട്ടുള്ള കയ്യേറ്റങ്ങള്‍ സംബന്ധിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയിലെ തെരുവു നായ ശല്യം കുറയ്ക്കുന്നതിനു മുമ്പ് വീടുകളില്‍ വളര്‍ത്തുന്ന മുഴുവന്‍ പട്ടികള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും ഈ പട്ടികളെ മുഴുവന്‍ വന്ധ്യംകരിക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു.
വീടുകളില്‍ ഉപേക്ഷിക്കുന്ന പട്ടികളാണ് പിന്നീട് തെരുവില്‍ ആക്രമണകാരികളാകുന്നത്. ചോറ്റാനിക്കര ക്ഷേത്ര പരിസരത്തുള്ള ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യം റോഡുകളിലെ ഓടകളിലേക്ക് പരസ്യമായി ഒഴുക്കുകയാണെന്നും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുല്‍ മുത്തലിബ് പറഞ്ഞു.
കലക്ടറേറ്റിനു മുന്നില്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി തുറന്ന സ്ഥലമായി ഒഴിച്ചിടണമെന്നു പി.ടി തോമസ് എം.എല്‍.എ നിര്‍ദേശിച്ചു.
ജനങ്ങള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കണം. ആലുവ പൈപ്പ്‌ലൈന്‍ റോഡിന്റെ വശങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന ഭാഗങ്ങളില്‍ പച്ചക്കറി കൃഷി നടത്തുന്നതിന് കുടുംബശ്രീയെ ഏല്‍പ്പിക്കണം.
സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്ന ഗ്രീന്‍ കാര്‍പെറ്റിനെക്കുറിച്ച് ടൂറിസം വകുപ്പ് പ്രതിനിധിയും ദേശീയ ഭക്ഷ്യസുരക്ഷാനയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പുതിയ റേഷന്‍ കാര്‍ഡിനെക്കുറിച്ച് ജില്ലാ സപ്ലൈ ഓഫിസറും വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."