ഡി.സി.സി ഭാരവാഹിത്വം :സമവായത്തിനായി ഗ്രൂപ്പുകളുടെ ശ്രമം
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ ജില്ലാ കമ്മിറ്റികളുടെ അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കാന്‍ അഭിപ്രായസമന്വയത്തിന് എ,ഐ ഗ്രൂപ്പുകള്‍ ശ്രമം ഊര്‍ജിതമാക്കി.
ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നല്‍കിയ സമയപരിധി കടന്നിട്ടും പട്ടിക നല്‍കാന്‍ ആദ്യഘട്ടത്തില്‍ എ,ഐ ഗ്രൂപ്പ് നേതാക്കള്‍ തയാറായില്ല. പുന:സംഘടനയില്‍ താല്‍പര്യമില്ല, സംഘടനാ തെരഞ്ഞെടുപ്പാണ് വേണ്ടതെന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു ഇത്. എന്നാല്‍ ഉടന്‍ പട്ടിക നല്‍കാന്‍ ഹൈക്കമാന്‍ഡ് അന്ത്യശാസനം നല്‍കുകയായിരുന്നു. ഇതോടെയാണ് ഗ്രൂപ്പ് നേതാക്കള്‍ പട്ടിക തയാറാക്കാന്‍ തുടങ്ങിയത്.
പുന:സംഘടനാ ചര്‍ച്ചകള്‍ക്കായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അടുത്തമാസം രണ്ടിന് സംസ്ഥാനത്തെത്തും. സാധ്യതാപട്ടിക കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുകുള്‍ വാസ്‌നിക്കിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും.
അന്തിമ തീരുമാനം ഡല്‍ഹി ചര്‍ച്ചകളിലാണുണ്ടാകുക. മുന്‍കാലങ്ങളില്‍ എ,ഐ ഗ്രൂപ്പുകള്‍ തുല്യമായി ജില്ലാ അധ്യക്ഷസ്ഥാനങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു പതിവ്. എന്നാല്‍ ഗ്രൂപ്പ് വീതം വയ്ക്കലല്ല കഴിവും പാരമ്പര്യവുമുള്ളവരെ നേതൃത്വത്തില്‍ കൊണ്ടുവരണമെന്ന വാദമാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉയര്‍ത്തുന്നത്. സംഘടനാ തെരഞ്ഞെടുപ്പിന് കളമൊരുക്കി സുധീരനെ മാറ്റാന്‍ കാത്തിരുന്ന ഗ്രൂപ്പുകള്‍ക്ക് പുന:സംഘടന പ്രതീക്ഷിക്കാത്ത തിരിച്ചടിയായി.
ഇതേതുടര്‍ന്നാണ് പുന:സംഘടനയില്‍ തങ്ങളുടെ മേധാവിത്വം നിലനിര്‍ത്താന്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഗ്രൂപ്പുകള്‍ കൈകോര്‍ത്തത്.
എ,ഐ വിഭാഗക്കാര്‍ക്ക് പുറമേ വി.എം സുധീരന്റെ നോമിനികളും ഉള്‍പ്പെടുന്ന പട്ടികയാകും പുറത്തുവരികയെന്ന് പ്രതീക്ഷിക്കുന്നു. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാന നേതൃത്വത്തിന് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഹിളാ കോണ്‍ഗ്രസില്‍ നിന്നും ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ്, പത്മജ വേണുഗോപാല്‍, രമണി പി നായര്‍ എന്നിവര്‍ പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡീന്‍ കുര്യാക്കോസ്, സി.ആര്‍ മഹേഷ്, പി.സി വിഷ്ണുനാഥ്, എം.ലിജു എന്നിവരാണ് പട്ടികയിലുള്ള യുവനേതൃത്വം. സാധ്യതാപട്ടികയിലുള്ള ഏക എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ വയനാട് ഡി.സി.സി പ്രസിഡന്റാകുമെന്ന് ഉറപ്പായി. ഇരുഗ്രൂപ്പുകളും എതിര്‍ക്കുന്നുണ്ടെങ്കിലും സുധീരന്‍ പക്ഷത്തുള്ള ടി.എന്‍ പ്രതാപന്‍ തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റായേക്കും. തിരുവനന്തപുരത്ത് അഞ്ചു പേരാണ് പട്ടികയിലുള്ളത്. മറ്റു ചില ജില്ലകളിലും രണ്ടുപേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്തതിനുശേഷം പട്ടിക ഹൈക്കമാന്‍ഡിന് കൈമാറും. വിട്ടുവീഴ്ചകള്‍ക്ക് തയാറായാലും തങ്ങളുടെ ആധിപത്യത്തിന് കോട്ടംതട്ടാത്ത രീതിയില്‍ പുന:സംഘടന പൂര്‍ത്തിയാക്കണമെന്ന താല്‍പര്യമാണ് ഇരുഗ്രൂപ്പുകളും വച്ചുപുലര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."