നാട് വെന്തുരുകുമ്പോഴും ഉപകാരപ്പെടാതെ മഴവെള്ളസംഭരണികള്‍
പുല്‍പ്പള്ളി: മഴ കുറവാകുകയും നാട് രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് കടക്കുകയും ചെയ്യുമ്പോള്‍ മഴവെള്ളസംഭരണികള്‍ നോക്കുകുത്തികളാകുന്നു. മഴവെള്ളസംഭരണികളുടെ നിര്‍മാണത്തിലെ അപാകതകളും, ജനങ്ങള്‍ക്ക് ഇവ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള അജ്ഞതകളുമാണ് ഇവ ഉപയോഗശൂന്യമാകുവാന്‍ കാരണമായത്. വയനാട്ടില്‍ ഏതാണ്ട് പതിനായിരത്തില്‍പ്പരം മഴവെള്ള സംഭരണികളാണ് വിവിധ ഏജന്‍സികള്‍ മുഖേന നിര്‍മിച്ചിട്ടുള്ളത്. ഇവയില്‍ മിക്കവയും സാധാരണക്കാരുടെ വീടുകളോടനുബന്ധിച്ചാണ്.
വീടുകളുടെ മേല്‍ക്കൂരകളില്‍ വീഴുന്ന മഴവെള്ളം സംഭരിച്ച് കുടിവെള്ളമായി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. വിവിധ സ്‌കീമുകളില്‍പ്പെടുത്തി നിര്‍മിച്ച ഇവയില്‍ ബഹുഭൂരിപക്ഷവും ഇന്ന് ഉപയോഗശൂന്യമായതിന് കാരണം കൃത്യമായി മഴവെള്ളം സംഭരിക്കാത്തതാണ്. വീടുകളുടെ മേല്‍ക്കൂരകളില്‍നിന്ന് വീഴുന്ന വെള്ളം ശേഖരിക്കാന്‍ പ്ലാസ്റ്റിക്കിന്റെ പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും അവ കൃത്യമായി വൃത്തിയാക്കാത്തത് മൂലം മഴവെള്ളം ടാങ്കില്‍ എത്താതെപോകുകയാണ്.
വേനല്‍ക്കാലത്ത് മഴയില്ലാതാകുന്നതും മഴവെള്ളസംഭരണികളെ പ്രതികൂലമായി ബാധിക്കും. ഫെറൊസിമെന്റ് ടാങ്കുകളായതിനാല്‍ വെളളം തീരെയില്ലാതെ ഉണങ്ങിയാല്‍ ടാങ്കുകള്‍ക്ക് ചോര്‍ച്ച സംഭവിക്കും.
നിര്‍മാണത്തിന് കരാറെടുക്കുന്നവര്‍ ഗുണമേന്മ കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിക്കുന്നതും ഇവയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കും. ഫലത്തില്‍ ഇപ്പോഴത്തെ രീതിയിലുളള മഴവെള്ളസംഭരണികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."