വ്യാപാരി ഹര്‍ത്താലും പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും നാളെ
കുറ്റ്യാടി: പഴയ ബസ്‌സ്റ്റാന്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി നാളെ കുറ്റ്യാടിയില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലും പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. കാല്‍നൂറ്റാണ്ടു മുന്‍പ് നിര്‍മാണമാരംഭിച്ച പുതിയ ബസ്‌സ്റ്റാന്റ് ഒരാഴ്ച മുന്‍പാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളുമായും ആലോചിച്ച് ഏകകണ്ഠമായാണ് ആയഞ്ചേരി, തീക്കുനി, കോട്ടപ്പള്ളി, പെരുവയല്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ പഴയ ബസ്സ്റ്റാന്റില്‍ നിന്നും, മറ്റു ബസുകള്‍ പുതിയ ബസ് സ്റ്റാന്റില്‍ നിന്നും സര്‍വിസ് നടത്താന്‍ തീരുമാനിച്ചത്.
ഈ തീരുമാനത്തിനെതിരേയാണ് വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചത്. പുതിയ ബസ്‌സ്റ്റാന്റ് നിലവില്‍ വന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവുകയും യാത്രാസൗകര്യം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. ഇരു സ്റ്റാന്റുകളും തമ്മില്‍ ഇരുനൂറു മീറ്ററില്‍ താഴെ മാത്രമേ ദൂര പരിധിയുള്ളൂ എന്നിരിക്കേ പഴയ സ്റ്റാന്റ് നിലനിര്‍ത്തുകയെന്നത് പ്രായോഗികമല്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. ഇരുന്നൂറു മീറ്റര്‍ പരിധിക്കുള്ളില്‍ രണ്ടു സ്റ്റാന്റുകള്‍ പാടില്ലെന്ന സാങ്കേതിക പ്രശ്‌നവുമുണ്ട്. അതേസമയം പഴയ സ്റ്റാന്റിലെ ഷോപ്പിങ് കോംപ്ലക്‌സ് പുതുക്കിപ്പണിയാനും പഞ്ചായത്തിന് ആലോചനയുണ്ടെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."