തമിഴ്‌നാട്ടിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ 380 പേര്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് 380 പേരെ അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി ശൈലേന്ദ്രബാബു പത്രലേഖകരെ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട് 618 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമാധാനപൂര്‍വം നടക്കുന്നതിന് പൊലിസിന്റെ ഭാഗത്തുനിന്നും എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. കള്ളവോട്ടും, പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ശക്തമായി നേരിടും. തമിഴ്‌നാട് പൊലിസിനും സായുധ പോലിസിനും പുറമെ 300 കമ്പനി അര്‍ധസൈനിക വിഭാഗത്തിന്റെ സേവനവും ഉപയോഗപ്പെടുത്തുമെന്നും എ.ഡി.ജി.പി പറഞ്ഞു.
ഇന്നലെ സംസ്ഥാന വ്യാപകമായി അണ്ണാ ഡി.എം.കെ നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡും പൊലിസും ആദായനികുതി വിഭാഗവും റെയ്ഡ് നടത്തി. അണ്ണാ ഡി.എം.കെ മുന്‍മന്ത്രി ശെന്തില്‍ ബാലാജിയുടെ വീട്ടില്‍ ആദായനികുതി വിഭാഗം മണിക്കൂറുകളോളം പരിശോധന നടത്തി. പണവും, ഒട്ടേറെ രേഖകളും കണ്ടെടുത്തതായി വിവരമുണ്ട്. ഊട്ടിയില്‍ ഒരു പെട്രോള്‍ ബങ്കില്‍ നടത്തിയ പരിശോധനയില്‍ 40 ലക്ഷം രൂപ കണ്ടെടുത്തു. തൃശ്‌നപള്ളിക്കടുത്തു അബ്ദുല്ല എന്ന അണ്ണാ ഡി.എം.കെ നേതാവിന്റെ സ്ഥാപനത്തില്‍നിന്നും 60 ലക്ഷം രൂപയും കണ്ടെടുത്തു. ഹോസൂറില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമിച്ച അണ്ണാ ഡി.എം.കെ കൗണ്‍സിലര്‍ കൃഷ്ണനെ അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്നും 2.6 ലക്ഷം രൂപ കണ്ടെടുത്തു. നാഗപട്ടണത്ത് 56,000 രൂപയുമായി രാഡവേലുവിനെയും നാഗയില്‍ 55,000 രൂപയുമായി രാജ വെങ്കിടാചലം എന്നിവരെയും 48,000 രൂപയുമായി മാര്‍ക്കറ്റ് രവിയെയും പൊലിസ് അറസ്റ്റ് ചെയ്തു. ആവടിയില്‍ സംശയകരമായ സഹാചര്യത്തില്‍ കണ്ട ഒരു കണ്ടെയ്‌നര്‍ ലോറി അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."