അന്നമനടയില്‍ ഗതാഗതകുരുക്ക് തുടര്‍കഥയാകുന്നു
അന്നമനട: അന്നമനട ജങ്ഷനിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കിയ വണ്‍വേ സമ്പ്രദായം ലംഘിക്കുന്നത് കാരണം ഗതാഗത കുരുക്ക് തുടര്‍ക്കഥയാകുന്നു. തെക്ക്പടിഞ്ഞാറ് ഭാഗത്ത് നിന്നും അന്നമനട പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലേക്കും മറ്റും വരുന്ന വാഹനങ്ങള്‍ സര്‍വിസ് സഹകരണ ബാങ്കിനടുത്ത് വച്ച് വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്. എന്നാല്‍ പല വാഹനങ്ങളും ജങ്ഷനില്‍ എത്തിയാണ് ബസ് സ്റ്റാന്‍ഡ് പരിസരത്തേക്കും കൊരട്ടി ഭാഗത്തേക്കും മറ്റും പോകുന്നത്. തിരക്കേറിയ സമയത്ത് വളരെയേറെ ദുരിതമാണ് ഇതുമൂലമുണ്ടാകുന്നത്. വണ്‍വേ സമ്പ്രദായം പാലിച്ച് പോകുന്നവര്‍ക്ക് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും വണ്‍വേ ലംഘിച്ച് വരുന്ന വാഹനങ്ങള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുമുണ്ട്. ഇരുനൂറ്റിയമ്പത് മീറ്റര്‍ വരുന്ന വീതി വളരെ കുറഞ്ഞ വണ്‍വേ റോഡില്‍ അനധികൃത പാര്‍ക്കിങിന് പുറമേയാണ് എതിരെ വരുന്ന വാഹനങ്ങളും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.നിരവധി വാഹനങ്ങളാണ് വീതി വളരെ കുറഞ്ഞ റോഡില്‍ പാര്‍ക്ക് ചെയ്യുന്നത്. മെയിന്‍ റോഡില്‍ നിന്നും ശ്രമകരമായി തിരിക്കുന്ന ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ അടുത്ത വളവ് എത്തുമ്പോള്‍ റോഡരികിലുള്ള കെട്ടിടത്തിന്റെ ഭാഗങ്ങള്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നതിനാല്‍ കൂടുതല്‍ ശ്രമകരമായി വളച്ചെടുക്കേണ്ട അവസ്ഥയാണ്. ഇതിന് പുറമെയാണ് വണ്‍വേ ലംഘിച്ച് എതിരെ വരുന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന ഗതാഗത പ്രശ്‌നങ്ങള്‍. കെ.എസ്.ആര്‍.ടി.സിയുടെ ലോ ഫ്‌ളോര്‍ ബസുകള്‍ മെയിന്‍ റോഡില്‍ നിന്നും തിരിച്ചെടുക്കാമെങ്കിലും അടുത്ത വളവെത്തുമ്പോള്‍ അവിടെ തിരിച്ചെടുക്കാന്‍ സാധിക്കാത്തതിനാല്‍ ജങ്ഷന്‍ വഴി കടന്നു പോകേണ്ട അവസ്ഥയുമുണ്ട്. പൊലിസിന്റെ അനാസ്ഥയാണ് വണ്‍വേ ലംഘനത്തിന് കാരണമെന്നാണ് ഗ്രാമപഞ്ചായത്തധികൃതര്‍ പറയുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും പൊലിസിന്റെ ഭാഗത്ത് നിന്നും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പരാതി. വണ്‍വേ ലംഘനവുമായി ബന്ധപ്പെട്ട് ഇടക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. പൊലിസും പഞ്ചായത്ത് ഭരണസമിതിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് അന്നമനടയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."