2000 രൂപ കൈക്കൂലി വാങ്ങിയ ഡ്രാഫ്ട്‌സ്മാനെ വിജിലന്‍സ് പിടികൂടി
തൊടുപുഴ: റീസര്‍വെ പൂര്‍ത്തിയാക്കി താലൂക്ക് ഓഫിസിലേക്ക് ഫയല്‍ കൈമാറുന്നതിന് സ്ഥലമുടമയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ ഡ്രാഫ്ട്‌സ്മാനെ തൊടുപുഴ വിജിലന്‍സ് ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ കൈയോടെ പിടികൂടി. ചെറുതോണി ജില്ലാ സര്‍വെ സൂപ്രണ്ട് ഓഫിസിലെ സെക്കന്റ് ഗ്രേഡ് ഡ്രാഫ്ട്‌സ്മാനും മുണ്ടക്കയം സ്വദേശിയുമായ കെ.വി ഷാന്‍ ആണ് അറസ്റ്റിലായത്.
നെറ്റിത്തൊളു ചക്കാലയ്ക്കല്‍ ബാബുവാണ് സ്ഥലത്തിന്റെ റീസര്‍വെയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ സമീപിച്ചത്. ഒരുമാസമായി ഇദ്ദേഹം ഈ ആവശ്യവുമായി ഓഫീസ് കയറിയിറങ്ങുകയായിരുന്നു. റീസര്‍വെ പൂര്‍ത്തിയാക്കി താലൂക്ക് ഓഫീസിലേക്ക് ഫയല്‍ കൈമാറണമെങ്കില്‍ രണ്ടായിരം രൂപ നല്‍കണമെന്നാണ് ഷാന്‍ ആവശ്യപ്പെട്ടതെന്ന് ബാബു പറഞ്ഞു. ഈ വിവരം ബാബു വിജിലന്‍സിനെ അറിയിച്ചു.
വിജിലന്‍സ് നല്‍കിയ ഫിനോത്‌ലിന്‍ പുരട്ടിയ രണ്ടായിരം രൂപ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന പഴയ സര്‍വെ സൂപ്രണ്ട് ഓഫീസിന് സമീപത്ത് വെച്ചാണ് ഉദ്യോഗസ്ഥന്‍ വാങ്ങിയത്. എന്നാല്‍, സംശയം തോന്നി ഞൊടിയിടയില്‍ ഇയാള്‍ പണം എവിടെയോ ഒളിപ്പിച്ചു. ഇതിനകം അവിടെയെത്തിയ വിജിലന്‍സ് സംഘം രണ്ട് ഗസറ്റഡ് ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ ഇയാളുടെ വിരലുകളും ഷര്‍ട്ടിന്റെ പോക്കറ്റും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. ഫിനോത്‌ലിന്‍ പുരട്ടിയ നോട്ട് ഇയാള്‍ വാങ്ങിയെന്ന് ഉറപ്പാക്കി. മാത്രമല്ല, ബാബുവിന്റെ സ്ഥലത്തിന്റെ റീസര്‍വെയുമായി ബന്ധപ്പെട്ട് ഓഫീസില്‍ സൂക്ഷിക്കേണ്ട ഫയലും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
പണം കൈമാറുമ്പോള്‍ താലൂക്ക് ഓഫിസിലേക്ക് ബാബുവിന്റെ കൈയില്‍ ഫയല്‍ കൊടുത്തു വിടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണം കണ്ടെത്തിയില്ലെങ്കിലും പ്രതി പണം വാങ്ങിയെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പ്രതിയെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് സി.ഐ മാരായ ജില്‍സണ്‍ മാത്യു, പയസ് ജോര്‍ജ്, അനില്‍ ജോര്‍ജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."