പക്ഷിപ്പനി കോഴികളിലേക്കും; കോട്ടയത്ത് രോഗം സ്ഥിരീകരിച്ചു
കോട്ടയം: താറാവുകള്‍ക്കു പിന്നാലെ പക്ഷിപ്പനി കോഴികളിലേക്കും പടരുന്നതായി ആശങ്ക. ഭോപ്പാലില്‍ പരിശോധനയ്ക്കയച്ച നാലു കോഴികളുടെ സാമ്പിളില്‍ ഒന്നിന്റേതു പോസിറ്റീവാണെന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ അറിയിച്ചതോടെയാണ് പുതിയ ഭീഷണി പുറത്തായത്. ആര്‍പ്പൂക്കര ചാലക്കരികിഴക്കേപ്പറമ്പില്‍ പി.എ. ഏബ്രഹാമിന്റെ കോഴികളിലാണു രോഗം സ്ഥിരീച്ചത്. പക്ഷിപ്പനി പിടിപ്പെട്ട താറാവുകൂട്ടങ്ങളോടൊപ്പം ഇടകലര്‍ന്ന് ജീവിച്ച കോഴികളിലൊന്നിനാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ആര്‍പ്പൂക്കരയില്‍ താറാവുകളെ കൊന്നുതുടങ്ങി. രോഗലക്ഷണമുള്ള ആറായിരം താറാവുകളില്‍ 1100 എണ്ണത്തിനെയാണ് ദ്രുതകര്‍മ്മസേന ഇന്നലെ കൊന്നു സംസ്‌കരിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു ഡോക്ടര്‍ അടങ്ങുന്നതാണ് ദ്രുതകര്‍മ്മസേന.
പ്രത്യേകം തയ്യാറാക്കിയ ഗൗണ്‍, മാസ്‌ക്ക്, ഫുഡ്‌പ്രൊട്ടക്ടര്‍ അടങ്ങിയ സ്വയം സുരക്ഷാ ധാരികളായ (പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റ്) ഉദ്യോഗസ്ഥരാണ് താറാവുകളെ കൊല്ലുന്നത്. ആര്‍പ്പൂക്കര പഞ്ചയത്തിലെ കേളക്കരി, വാവക്കാട് പാടശേഖരത്ത് ഉണ്ടായിരുന്ന പുളിക്കാശേരി ചെല്ലപ്പന്റെ താറാവുകളെയാണ് ആദ്യം കൊന്നത് ഇതില്‍ കേളക്കരി പാടശേഖടരത്തുള്ള താറാവുകളെയാണ് കൊന്നത്.
രോഗബാധിത പ്രദേശങ്ങളില്‍ തൊണ്ണൂറു ദിവസത്തേക്ക് തുടര്‍ച്ചയായ പരിശോധനകളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തും. ഈ കാലയളവില്‍ പുതുതായി താറാവുകളെ വളര്‍ത്തുന്നതിന് അനുവദിക്കില്ല.
മാത്രമല്ല പ്രദേശത്തെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളെ നിരന്തരമായി നീരീക്ഷിക്കാനും സംവിധാനമൊരുക്കും. എച്ച് 5 എന്‍ 8 ഇനത്തില്‍പ്പെട്ടതും മനുഷ്യരിലേക്കു പകരാത്തതുമായ പക്ഷിപ്പനിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോ. ജെ. ഹരിലാല്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്‍ന്റ് ഡയറക്ടര്‍ ഡോ. പി.കെ. മനോജ് കുമാര്‍, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ദിലീപ് എന്നിവുടെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."