വീടുവയ്ക്കാന്‍ നെല്‍വയല്‍ നികത്തുന്നതിന് അനുമതി തുടരും
തിരുവനന്തപുരം: നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതില്‍ ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 2008നു മുന്‍പ് നികത്തിയ നെല്‍വയല്‍ ന്യായവിലയുടെ 25 ശതമാനം ഈടാക്കി ക്രമവല്‍ക്കരിക്കാനായി നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ളതാണ് പുതിയ ഭേദഗതി. വീടുവയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് ഗ്രാമങ്ങളില്‍ പത്തു സെന്റ് വരെയും നഗരങ്ങളില്‍ അഞ്ചു സെന്റും നികത്താന്‍ അനുവദിക്കുന്ന നിലവിലുള്ള വ്യവസ്ഥ ഭേദഗതി നടപ്പില്‍ വന്നാലും തുടരുമെന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
ഫീസ് ഈടാക്കി നികത്തല്‍ ക്രമവല്‍ക്കരിക്കാന്‍ 2015ല്‍ ധനകാര്യ ബില്ലിലൂടെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നത്. പുതിയ ഭേദഗതി വരുന്നതോടെ നികത്തിയ നിലങ്ങളില്‍ വീടു വച്ചവര്‍ക്ക് അനുമതി നല്‍കുന്ന പ്രാദേശിക തലത്തിലെ കമ്മിറ്റികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. യു.ഡി.എഫിന്റെ ഭേദഗതി വന്നതോടെയാണ് വീട്ടുനമ്പര്‍ നല്‍കുന്നതിനുള്ള കമ്മിറ്റികളുടെ പ്രവര്‍ത്തനം നിലച്ചത്. നേരത്തെ തരംമാറ്റിയ ഭൂമിയിലും ഈ ആനുകൂല്യം ലഭിക്കും. കമ്മിറ്റികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ഇതു സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരമാകും.
നെല്‍വയല്‍ നികത്തല്‍ ന്യായവിലയുടെ 25 ശതമാനം ഈടാക്കി ക്രമവല്‍ക്കരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ ഇതിനായി 93,088 പേരാണ് അപേക്ഷ നല്‍കിയത്. 56 അപേക്ഷകള്‍ പരിഗണിച്ച് 24.7 ഹെക്ടര്‍ ക്രമവല്‍ക്കരിച്ചു.
ലഭ്യമായ മുഴുവന്‍ അപേക്ഷകളും പരിഗണിച്ചാല്‍ സംസ്ഥാനത്തെ 45,000 ഏക്കര്‍ ഭൂമി ക്രമവല്‍ക്കരിച്ച് നല്‍കേണ്ടി വരും. ഇത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നു ബോധ്യപ്പെട്ടതിനാലാണ് ഈ ഭേദഗതി പിന്‍വലിക്കുന്നത്. പലയിടത്തും നെല്‍വയലുകള്‍ നികത്തിയിട്ടുണ്ടെങ്കിലും മറ്റു കൃഷികള്‍ തുടരുന്ന സാഹചര്യമാണുള്ളത്. ക്രമവല്‍ക്കരിച്ച് നല്‍കിയാല്‍ ഇത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സ്ഥിതി വരുമെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് തരംമാറ്റിയ നിലങ്ങളില്‍ വച്ച വീടുകള്‍ക്ക് റവന്യൂരേഖയില്‍ നിലം എന്ന് ആയതുകൊണ്ടു മാത്രം അനുമതി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണെന്ന് ഭരണ, പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."