വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സത്വര നടപടിയുമായി പൊലിസ്
കല്‍പ്പറ്റ: ജില്ലയില്‍ വാഹനാപകടങ്ങള്‍ കുറക്കാനുള്ള സത്വര നടപടികളുമായി പൊലിസ് രംഗത്ത്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികളും ഫോട്ടോ പ്രദര്‍ശനവും ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി അടുത്ത 15 ദിവസം അമിതവേഗത അടക്കമുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി നടപടികള്‍ ആരംഭിച്ചതായി ജില്ലാ പൊലിസ് ചീഫ് കെ കാര്‍ത്തിക് പറഞ്ഞു.
ഇന്റര്‍സെപ്റ്റര്‍ വാഹനം ഉപയോഗിച്ച് കല്‍പ്പറ്റ-ബത്തേരി റൂട്ടിലെ അമിതവേഗത അടക്കമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തും. ഇങ്ങനെ കണ്ടെത്തുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ കൈകൊള്ളാന്‍ ആര്‍.ടി.ഒയുമായി ധാരണായിട്ടുണ്ട്. ആദ്യതവണ ശിക്ഷയെന്ന നിലയിലാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്. വീണ്ടും ഇതേ രീതിയിലുള്ള നിയമലംഘനങ്ങള്‍ കണ്ടാല്‍ ഇത്തരക്കാരുടെ ലൈസന്‍സ്, വാഹനത്തിന്റെ പെര്‍മിറ്റ് എന്നിവ റദ്ദ് ചെയ്യുന്ന തരത്തിലുള്ള ശക്തമായ നടപടികളും പൊലിസ്, ആര്‍.ടി.ഒ വകുപ്പുകളുടെ കൂട്ടായ്മയില്‍ നടത്തും. 18 തികയാത്ത കുട്ടികള്‍ക്ക് വാഹനങ്ങള്‍ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഉണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞ ജീവനുകളിലും പരുക്കേറ്റവരിലും ഭൂരിഭാഗവും ഈ പ്രായത്തിലുള്ളവരാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കുട്ടികള്‍ പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ ആര്‍.സി ഓണറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടിയിലേക്ക് വകുപ്പ് പോകുമെന്നും പൊലിസ് ചീഫ് പറഞ്ഞു. വരുംദിവസങ്ങളില്‍ പരിശോധന ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."