കാര്‍ഷിക തനിമയെ കൈവിടരുതെന്ന സന്ദേശവുമായി പയറുവര്‍ഗ പ്രദര്‍ശനം
മഞ്ചേരി: നെല്ലിക്കുത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മഞ്ചേരി ഉപജില്ലാ ശാസ്ത്രമേളയില്‍ ശാസ്ത്രവിഭാഗം മത്സരങ്ങള്‍ കൗതുകം ജനിപ്പിച്ചു. എല്‍.പി വിഭാഗത്തിന്റെ പയറുവര്‍ഗങ്ങളുടെ പ്രദര്‍ശനം നാടിന്റെ കാര്‍ഷിക തനിമയെ വീണ്ടെടുക്കണമെന്ന സന്ദേശമാണ് നല്‍കിയത്. 101 തരം പയര്‍ വിത്തുകള്‍ പ്രദര്‍ശിപ്പിച്ച നെല്ലിക്കുത്ത് ഗവ. എല്‍.പി സ്‌കുള്‍ വിദ്യാര്‍ഥികള്‍ മികവു പുലര്‍ത്തി.
പയറുവര്‍ഗങ്ങളിലെ വിവിധ ഇനങ്ങളായ ഭക്ഷ്യ യോഗ്യം, ഔഷധഗുണം, സങ്കരയിനം, സുഗന്ധമുള്ളത്, കടല, എണ്ണക്കുരുക്കള്‍എന്നിവയാണ് വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചത്. നാലാം ക്ലാസിലെ കെ.എം ഫാത്തിമ സനയും മുര്‍ഷിദയുമാണ് മത്സരിച്ചത്. മഞ്ചേരി ബ്ലോസം പബ്ലിക് സ്‌കുളിലെ നേഹയും അസ്‌ലഹയും പയറു വര്‍ഗ്ഗങ്ങളുപയോഗിച്ച് തൈകള്‍ നടുന്ന കുട്ടിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു.
കൂടാതെ മഞ്ചേരി ജി.എം.എല്‍.പി, പാണ്ടിക്കാട് സി.എം.എ.എല്‍.പി, ജി.എല്‍.പി.എസ് നറുകര, വേട്ടേക്കോട് ജി.യു.പി.എസ്, കൊടശ്ശേരി ജി.എം.എല്‍.പി സ്‌കൂളുകളും ശാസ്ത്രമേളയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."