റോഡ് നന്നാക്കിക്കോ, ഇല്ലെങ്കില്‍....
കോട്ടക്കല്‍: ടൗണിലെ ആര്യവൈദ്യശാലാ റോഡ് ജങ്ഷനിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കു നഗരസഭാ ചെയര്‍മാന്റെ മുന്നറിയിപ്പ്. പതിനഞ്ചു ദിവസത്തിനകം ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ പി.ഡബ്ലിയു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫിസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നു ചെയര്‍മാന്‍ കെ.കെ നാസര്‍ അറിയിച്ചു.
ഈ വിഷയം ഉന്നയിച്ചുള്ള കത്ത് ഓഫിസിന് കൈമാറിയിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കുന്നതിന് ഫെബ്രുവരിയിലാണ് ഉത്തരവിറങ്ങിയത്. പദ്ധതി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പ്രതിഷേധം ശക്തമായിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായ ടൗണില്‍ ഈ ഭാഗത്തെ റോഡ് കേടായതോടെ ടൗണ്‍ പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ആര്യവൈദ്യശാലയിലേക്കെത്തുന്ന വിദേശികള്‍ക്കടക്കം ഇതേറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
പ്രവൃത്തി നടക്കാതെ നീണ്ടുപോകുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ജില്ലാ വികസന സമിതി ചെയര്‍മാനും നഗരസഭ നിവേദനം സമര്‍പ്പിച്ചിരുന്നു. കൂടാതെ എന്‍ജിനിയറുമായി ചര്‍ച്ചയും നടത്തി. എന്നാല്‍ ഇതുവരെ പരിഹാരങ്ങളൊന്നും ഉണ്ടായില്ല.
ഇതിനിടെ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്ത പ്രതിഷേധ സമരവും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."