മലപ്പുറം സ്‌ഫോടനം: കോഴിക്കോട് കലക്ടറേറ്റില്‍ സുരക്ഷ ശക്തമാക്കും
കോഴിക്കോട്: മലപ്പുറം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കലക്ടറേറ്റില്‍ സുരക്ഷ ശക്തമാക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സിറ്റി പൊലിസ് ഉടന്‍ സമര്‍പ്പിക്കും. ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍, ഡോഗ് സ്‌ക്വാഡ്, നടക്കാവ് പൊലിസ് അധികൃതര്‍ എന്നിവര്‍ ചേര്‍ന്നു കഴിഞ്ഞ ദിവസം കലക്ടറേറ്റിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. കലക്ടറേറ്റ് വളപ്പില്‍ വിവിധ കാരണങ്ങളാല്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ മാറ്റാനും നിര്‍ദേശമുണ്ട്.
നിലവില്‍ ജില്ലാ കലക്ടറുടെ മുറിക്കു സമീപം മാത്രമേ രണ്ടു പൊലിസുകാരെ നിയോഗിച്ചിട്ടുള്ളൂ. ഇതുകൂടാതെ കലക്ടറേറ്റ് സ്ഥിതി ചെയ്യുന്ന ഇ. ബ്ലോക്കിന്റെയും മറ്റു സ്ഥലങ്ങളിലെയും സുരക്ഷയ്ക്കായി ഒരു സാര്‍ജന്റ് അദ്ദേഹത്തിന്റെ സഹായികളായി കലക്ടറേറ്റിലെ സി. ബ്ലോക്കില്‍ രണ്ടു ചൗക്കിദാര്‍ എന്നിവരാണുള്ളത്. സുരക്ഷയ്ക്കായി മറ്റു സംവിധാനങ്ങളൊന്നും ഇവിടെ നിലവിലില്ല.ജീവനക്കാര്‍ ഓഫിസിനുള്ളില്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കുക, സന്ദര്‍ശകര്‍ക്ക് രജിസ്റ്റര്‍ സൂക്ഷിക്കുക, ചുറ്റുമതില്‍ കെട്ടുക, സി.സി.ടി.വി സ്ഥാപിക്കുക, കലക്ടറേറ്റ് കവാടങ്ങള്‍ ഓഫിസ് സമയത്തിനു ശേഷം അടച്ചിടുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് നിര്‍ബന്ധമാക്കാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."