മാക്കേക്കടവ് നേരേകടവ് പാലം; നിര്‍മാണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം
പൂച്ചാക്കല്‍ : തുറവൂര്‍ പമ്പ സംസ്ഥാന പാതയുടെ ഭാഗമായ മാക്കേക്കടവ് നേരേകടവ് പാലം നിര്‍മാണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു . ഇന്നലെ പൂജയ്ക്കു ശേഷം ആദ്യ പൈല് സ്ഥാപിക്കല്‍ നടപടി ആരംഭിച്ചു.
ആകെ ഇരുപത്തിരണ്ട് പൈലുകള്‍ സ്ഥാപിക്കുന്നതില്‍ കായലില്‍ മധ്യത്തില്‍ പത്താമത്തെ പൈലാണ് ആദ്യം സ്ഥാപിക്കുന്നത്. ഇതിനു മുന്നോടിയുള്ള പൈപ്പ് സ്ഥാപിച്ചു. പൈപ്പിനുള്ളിലൂടെ കമ്പികള്‍ ഇറക്കി കോണ്‍ക്രീറ്റ് ചെയ്യുന്നതോടെയാണ് പൈലിംഗ് പൂര്‍ണമാകുന്നത്.തുടര്‍ദിവസങ്ങളില്‍ ജോലികള്‍ തുടരും. അതേസമയം മാക്കേക്കടവ് നേരേകടവ് ഫെറിയില്‍ പാലം നിര്‍മാണം തുടങ്ങിയതിനു ശേഷമുള്ള യാത്രാസ്ഥിതി സംബന്ധിച്ച് ഇന്നലെ തൈക്കാട്ടുശേരി, ഉദയനാപുരം ഗ്രാമപ ഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. നിലവിലെ ജങ്കാര്‍ സര്‍വീസ് ഏഴിന് അവസാനിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
പിന്നീട് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കടത്തു വള്ളങ്ങളുടെ സര്‍വീസ് നടത്തും. മണപ്പുറം ഫെറിയില്‍ നിന്നും നേരേകടവിലേക്കു ബോട്ട് അല്ലെങ്കില്‍ ബാര്‍ജ് സര്‍വീസ് നടത്തണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. ഇതില്‍ പിന്നീട് തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."