അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം വഴിപാടായി
വേങ്ങര: യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനകളുടെ ക്ലസ്റ്റര്‍ ബഹിഷ്കരണ ആഹ്വാനത്തിനിടെ ഇന്നലെ നടത്തിയ ഏകദിന അധ്യാപക ക്ലസ്റ്റര്‍ പരിശീലനം വഴിപാടായി. 40 ശതമാനത്തില്‍ താഴെ അധ്യാപകര്‍ മാത്രമാണു ക്ലസ്റ്ററിനെത്തിയത്. 1,540 അധ്യാപകര്‍ പങ്കെടുക്കേണ്ട വേങ്ങര ഉപജില്ലയില്‍ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ 610 പേരാണ് സംബന്ധിച്ചത്.
പി.എസ്.സി പരീക്ഷ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക അധിക യോഗ്യത പരീക്ഷയായ കെ ടെറ്റ് എന്നിവ ഇതേദിവസം നിശ്ചയിച്ചിരുന്നു. എന്നാല്‍, പ്രഖ്യാപിച്ച ക്ലസ്റ്റര്‍ ആരു ബഹിഷ്കരിച്ചാലും നടത്തുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കടുംപിടുത്തമാണ് ക്ലസ്റ്ററില്‍ പങ്കാളിത്തം കുറയാനിടയാക്കിയത്. യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനകളായ കെ.എസ്.ടി.യു, കെ.പി.എസ്.ടി.എ, കെ.എ.ടി.എഫ് ഉള്‍പ്പെടെ 16 സംഘടനകള്‍ ബഹിഷ്കരണത്തില്‍ പങ്കാളികളായി. ബി.ജെ.പി ആഭിമുഖ്യമുളള എന്‍.ടി.യുവും ബഹിഷ്കരണത്തില്‍ പങ്കാളികളായി.
അതേസമയം, കാര്യമായ മൊഡ്യൂളോ ഉള്ളടക്കങ്ങളോ ഇല്ലാതെയാണ് ആറാം പ്രവൃത്തി ദിവസത്തില്‍ ക്ലസ്റ്റര്‍ പരിശീലനം സംഘടിപ്പിച്ചതെന്നും പരാതിയുണ്ട്.
പരിശീലനത്തില്‍ ഹാജര്‍ ഗണ്യമായി കുറഞ്ഞതോടെ മറ്റൊരു ദിവസം ലൂസേഴ്സ് ട്രെയിനിങ് നടത്താനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."