4,004 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം
തിരുവനന്തപുരം: 4,004.86 കോടിയുടെ 48 പദ്ധതികള്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റമെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) അംഗീകാരം നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി, പുനഃസംഘടിപ്പിക്കപ്പെട്ട ബോര്‍ഡിന്റെ ആദ്യയോഗത്തിലാണ് തീരുമാനം.
ഇന്ത്യയുടെ മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയെ കിഫ്ബിയുടെ ഫണ്ട് ട്രസ്റ്റി ആന്‍ഡ് അഡൈ്വസറി കമ്മിഷന്‍ (എഫ്.ടി.എ.സി) ചെയര്‍മാനായി നിയമിക്കാന്‍ യോഗം തീരുമാനിച്ചതായും ധനമന്ത്രി ടി.എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉഷ തൊറാട്ട്, നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രകാശ് ബക്ഷി എന്നിവരാണ് എഫ്.ടി.എ.സി അംഗങ്ങള്‍. രണ്ടുവര്‍ഷമാണ് കമ്മിഷന്റെ കാലാവധി. അംഗീകാരം നല്‍കിയ പദ്ധതികള്‍ക്കായി 1740.63 കോടി രൂപയാണ് ആദ്യഗഡുവായി നല്‍കുക. ആരോഗ്യ, വ്യവസായ, ഐ.ടി, പൊതുമരാമത്ത്, ജലവിഭവ വകുപ്പുകള്‍ക്കു കീഴില്‍ വരുന്ന പദ്ധതികളാണിവ.
ആദ്യഘട്ട പദ്ധതികള്‍ക്കായി ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് വഴി 2,000 കോടി രൂപ സമാഹരിക്കും. ഇതിനായി എസ്.ബി.ഐ കാപ്‌സിനെ ചുമതലപ്പെടുത്തും.
തുടര്‍ന്നുളള പദ്ധതികള്‍ക്ക് നബാര്‍ഡ് വഴി 4,000 കോടി സമാഹരിക്കും.
സെബി, റിസര്‍വ് ബാങ്ക്, എന്നിവയുടെ അംഗീകാരമുള്ള നൂതന ധനസമാഹാര സംവിധാനങ്ങളായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റമെന്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നിവ രൂപീകരിക്കും. ഇതിനായി കിഫ്ബിയുടെ കീഴില്‍ ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കും.
കെ.എസ്.എഫ്.ഇയുമായി സഹകരിച്ച് ധനസമാഹരണത്തിനായി എന്‍.ആര്‍.ഐ ചിട്ടി ആരംഭിക്കുക, ഭൂമി ഏറ്റെടുക്കലിനായി ലാന്‍ഡ് ബോണ്ടുകള്‍ പുറപ്പെടുവിക്കുക എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിക്കും.
എന്‍.ആര്‍.ഐ ചിട്ടി വഴി ആദ്യവര്‍ഷം 25,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
കിഫ്ബി ഉപാധ്യക്ഷന്‍ മന്ത്രി തോമസ് ഐസക്, അംഗങ്ങളായ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ്, ധനകാര്യ റിസോഴ്‌സ് സെക്രട്ടറി മിന്‍ഹാജ് ആലം, കിഫ്ബി സി.ഇ.ഒയും മെമ്പര്‍ സെക്രട്ടറിയുമായ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം എന്നിവരും മുന്‍ ധനകാര്യ സെക്രട്ടറി ഡോ.ഡി. ബാബു പോള്‍, ജെ.എന്‍.യു സാമ്പത്തികശാസ്ത്ര- ധനകാര്യ വിഭാഗം പ്രൊഫ.സി.പി ചന്ദ്രശേഖര്‍, കൊല്‍ക്കത്ത ഐ.ഐ.എം സാമ്പത്തികശാസ്ത്ര- ധനകാര്യ വിഭാഗം പ്രൊഫസര്‍ സുശീല്‍ ഖന്ന, റിസര്‍വ് ബാങ്ക് മുന്‍ റീജിയനല്‍ ഡയരക്ടര്‍ സലിം സലിം ഗംഗാധരന്‍, സെബി മുന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍മാരായ ജെ.എന്‍ ഗുപ്ത എന്നീ സ്വതന്ത്ര അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."