എം.വി രാഘവനെ പരാമര്‍ശിക്കാതെ അനുസ്മരണചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം
കണ്ണൂര്‍: സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ എം.വി രാഘവനെ പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടന പ്രസംഗത്തിലെവിടെയും എം.വി.ആര്‍ പരാമര്‍ശിക്കപ്പെട്ടില്ല. പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയ 'ഇന്ത്യന്‍ ദേശീയ സാഹചര്യവും ഇടതുപക്ഷവും' എന്ന വിഷയത്തെ ആസ്പദമാക്കിയ സെമിനാറിനെ കുറിച്ചു മാത്രമായിരുന്നു പ്രസംഗത്തില്‍ പറഞ്ഞത്. തുടക്കം മുതല്‍ ഒടുക്കം വരെ രാജ്യത്തെ ആര്‍.എസ്.എസ് ഭീഷണിയെ കുറിച്ചും ഉത്തരേന്ത്യയിലെ ദലിത് പീഡനവും എടുത്തു പറഞ്ഞ മുഖ്യമന്ത്രി 'സംഘടിപ്പിച്ചവരെ' അഭിവാദ്യം ചെയ്തു പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
വേദിക്കു മുന്നില്‍ സജ്ജമാക്കിയ എല്‍.സി.ഡി പ്രൊജക്ടിലാണ് വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള പ്രസംഗം പ്രദര്‍ശിപ്പിച്ചത്. അതേസമയം, തുടര്‍ന്നു സംസാരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എം.വി രാഘവനുമായുള്ള പഴയ ഓര്‍മകള്‍ സദസിനോട് പങ്കുവച്ചു. ചടങ്ങിന്റെ ഭാഗമായി എം.വി.ആര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരനു സി.ഐ.ടി.യു സംസ്ഥാന സെക്രട്ടി എളമരം കരീം സമര്‍പ്പിച്ചു. പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് മുന്‍കൂട്ടി നിശ്ചയിക്കാതെ എളമരം എത്തിയത്. മാധ്യമ പ്രവര്‍ത്തകന്‍ കെ. ശശികുമാര്‍ വിഷയാവതരണം നടത്തി. സി.പിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, എം.വി നികേഷ് കുമാര്‍, കെ. അരവിന്ദാക്ഷന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ പാട്യം രാജന്‍ അധ്യക്ഷനായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."